അഹമ്മദാബാദ് : കോൺഗ്രസ് (Congress) വിട്ട ഹാർദിക് പാട്ടേൽ ഇന്ന് ബിജെപിയിൽ ചേരും. ഗുജറാത്ത് ബിജെപി അധ്യക്ഷനായ സി ആർ പാട്ടേലിന്‍റെ സാന്നിധ്യത്തിൽ അഹമ്മദാബാദിൽ വച്ച് അംഗത്വം സ്വീകരിക്കും എന്നാണ് വിവരം. ഹാർദിക്കിന്‍റെ നീക്കത്തിനെതിരെ ഗുജറാത്ത് ബിജെപിയിൽ അമർഷം ഉടലെടുക്കുന്നുണ്ട്. പട്ടേൽ സംവരണ സമരമടക്കം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തെ ഒരു വിഭാഗം ചോദ്യം ചെയ്യുകയാണ്.
ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പട്ടേൽ സമുദായത്തിൽ നിർണായക സ്വാധീനമുള്ള ഹാർദിക് പട്ടേലിനെ പാർട്ടിയിലെത്തിക്കുന്നത് നേട്ടമാകും എന്നാണ് ബിജെപി വിലയിരുത്തൽ. നേരത്തെ ഗുജറാത്തിൽ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്‍റായിരുന്ന ഹാർദിക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ തുടർന്നാണ് നേതൃത്വവുമായി ഇടഞ്ഞതും പാർട്ടി വിട്ടതും.
ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റായിരുന്ന ഹാർദിക് പട്ടേൽ മെയ് 18-നാണ് പാർട്ടി വിട്ടത്. പാർട്ടി വിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ താൻ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും വ്യാഴാഴ്ച പാർട്ടിയിൽ ചേരുമെന്നും ഹാർദിക് വ്യക്തമാക്കുന്നു. 28-കാരനായ പടിദാർ നേതാവ്, കോൺഗ്രസിന്‍റെ പട്ടേൽ സമുദായവോട്ട് ബാങ്കിന്‍റെ മുഖമായിരുന്നു. സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്നേഷ് മേവാനിക്കൊപ്പമാണ് 2019-ൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അന്ന് ഹാർദിക് പട്ടേൽ ഔദ്യോഗികമായിത്തന്നെ കോൺഗ്രസിൽ ചേർന്നു. എംഎൽഎ സ്ഥാനമുള്ളതിനാൽ ജിഗ്നേഷ് മേവാനി പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിക്കുക മാത്രം ചെയ്തു.