കണ്ണൂർ : കണ്ണൂർ ഹരിദാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കസ്റ്റഡിയിലെടുത്ത പുന്നോല്‍ സ്വദേശി നിജിന്‍ ദാസ് കൊലയില്‍ നേരിട്ട് പങ്കെടുത്തയാളെന്നാണ് സൂചന. ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് നാലംഗ അക്രമി സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഇതുവരെ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ് അടക്കം നാല് ആർഎസ്എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. വിവാദ പ്രസംഗം നടത്തിയ കെ.ലിജേഷും ഇതിൽ ഉൾപ്പെടുന്നു. വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. 7 പേരെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
പുലർച്ചെ ഒന്നരയോടെയാണ് പുന്നോൽതാഴെവയൽ കൊരമ്പിൽ താഴെക്കുനിയിൽ ശ്രീമുത്തപ്പൻ വീട്ടിൽ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കടലിൽ പോയി മടങ്ങിയെത്തിയ ഹരിദാസൻ അടുക്കള ഭാഗത്തെത്തി മീൻ ഭാര്യ മിനിയെ ഏൽപ്പിച്ച ശേഷം മുൻഭാഗത്തേക്കു പോകുന്നതിനിടെ അക്രമികൾ ചാടി വീഴുകയായിരുന്നു. രക്ഷപ്പെടാൻ മതിൽ ചാടുന്നതിനിടെ വെട്ടി വീഴ്ത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹരിദാസിന്റെ ഇടതുകാൽ അറുത്തു വലിച്ച് എറിഞ്ഞിരുന്നു. ശരീരത്തിൽ ഇരുപതിലേറെ വെട്ടേറ്റിരുന്നു.