ന്യൂഡല്‍ഹി : ഹരിദ്വാറില്‍ നടന്ന ‘ധര്‍മ സന്‍സദ്’ സമ്മേളനത്തില്‍ മുസ്ലിം വംശഹത്യ ആഹ്വാനം ഉള്‍പ്പെടെ നടത്തിയ വിഷയത്തില്‍ വാദം കേള്‍ക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. വിഷയം അടിയന്തരമായി കേള്‍ക്കണമെന്നു മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഇന്നലെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ ബെഞ്ചില്‍ ആവശ്യപ്പെടുകയായിരുന്നു. വിഷയം പരിശോധിക്കാമെന്നു വ്യക്തമാക്കിയ കോടതി, സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നു ചോദിച്ചു. കേസെടുത്തതല്ലാതെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവം ഉത്തരാഖണ്ഡിലാണെന്നും കോടതി ഇടപെട്ടില്ലെങ്കില്‍ ഒന്നും നടക്കില്ലെന്നും കപില്‍ സിബല്‍ അറിയിച്ചു. തുടര്‍ന്നാണ് കേസില്‍ വാദം കേള്‍ക്കുമെന്നു കോടതി വ്യക്തമാക്കിയത്. പട്ന ഹൈക്കോടതി മുന്‍ ജഡ്ജിയും അഭിഭാഷകയുമായ അഞ്ജന പ്രകാശ്, മാധ്യമപ്രവര്‍ത്തകനായ ഖുര്ബാന് അലി എന്നിവരാണു ഹര്‍ജിക്കാര്‍.