പാലക്കാട് : പാലക്കാട് വാണിയംകുളം ഗ്രാമപഞ്ചായത്തിൽ 18 മണിക്കൂർ നീണ്ട ദൗത്യത്തിൽ ഉപദ്രവകാരികളായ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു. 9 അംഗീകൃത ഷൂട്ടർമാരും ഏകദേശം 20 സഹായികളും ചേർന്നാണ് ഈ ദൗത്യം പൂർത്തിയാക്കിയത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും വാണിയംകുളം പഞ്ചായത്തും സംയുക്തമായാണ് കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. മൊത്തം 50 കാട്ടുപന്നികളെയാണ് സംഘം വെടിവെച്ച് കൊന്നത്. വാണിയംകുളം ഗ്രാമപഞ്ചായത്തിലെ 6, 7, 9, 12, 13 എന്നീ അഞ്ച് വാർഡുകളിൽ കേന്ദ്രീകരിച്ചാണ് ദൗത്യം നടന്നത്. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകർക്കും നാട്ടുകാർക്കും ഏറെ നാളായി വലിയ പരാതിയുണ്ടായിരുന്നു. ഇവർക്ക് ഏറെ ആശ്വാസം പകരുന്നതാണ് ദൗത്യ സംഘത്തിന്‍റെ നടപടി. പ്രദേശത്തെ കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും കാട്ടുപന്നികൾ വ്യാപകമായ നാശനഷ്ടം വരുത്തിയിരുന്നു.