ജഗ്ദൽപുർ: ജാതി വ്യവസ്ഥ സൃഷ്ടിച്ചത് പണ്ഡിതന്മാരാണെന്നും ദൈവമല്ലെന്നുമുള്ള ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി രംഗത്ത്. ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ മതസമ്മേളനത്തിൽ സംസാരിക്കവെയാണ് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മോഹൻ ഭാഗവതിനെതിരെ രംഗത്തെത്തിയത്. വർണ സമ്പ്രദായം ബ്രാഹ്മണരുടെ മാത്രം സമ്മാനമാണെന്നും എല്ലാ സനാതന ഹിന്ദുക്കളുടെയും പൂർവികർ ബ്രാഹ്മണർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ജഗദൽപൂരിലെ ലാൽ ബാഗ് മൈതാനിയിൽ നടക്കുന്ന മൂന്ന് ദിവസത്തെ മത സമ്മേളനത്തിലാണ് പുരി ശങ്കരാചാര്യ പങ്കെടുക്കുന്നത്. ആദ്യത്തെ ബ്രാഹ്മണന്റെ പേര് ബ്രഹ്മാജി എന്നാണെന്നും പുരി ശങ്കരാചാര്യ പറഞ്ഞു. നിങ്ങൾ വേദഗ്രന്ഥങ്ങൾ പഠിക്കണം. ലോകത്തിലെ എല്ലാ ശാസ്ത്രങ്ങളും കലകളും വിശദീകരിക്കുന്നത് ബ്രാഹ്മണർ മാത്രമാണ്. സനാതന സമ്പ്രദായം അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് സമ്പ്രദായമാണ് അംഗീകരിക്കേണ്ടത്. ആർഎസ്എസിന് സ്വന്തമായി ഒരു പുസ്തകമോ പുസ്തകത്തെക്കുറിച്ചുള്ള അറിവോ ഇല്ല. വർണ്ണ സമ്പ്രദായം സൃഷ്ടിച്ചത് പണ്ഡിതന്മാരാണ്, വിഡ്ഢികളല്ല. ഇന്നും ലോകത്തിന്റെ പ്രശ്നം പരിഹരിക്കാൻ ആളുകൾ ഇന്ത്യയിലെ ബ്രാഹ്മണരുടെ അടുത്തേക്ക് വരുന്നു. ഐക്യരാഷ്ട്രസഭയുടെ എല്ലാ പ്രശ്നങ്ങളും ഞങ്ങളുടെ അടുത്തേക്ക് എത്തിയാൽ പരിഹരിക്കപ്പെടും. സനാതന സമ്പ്രദായത്തിന്റെ അഭാവത്തിൽ യു.എസ്.എ പോലുള്ള രാജ്യങ്ങളിൽ ബദൽ ജാതി സമ്പ്രദായം സൃഷ്ടിക്കേണ്ടതുണ്ടെന്നും സ്വാമി നിശ്ചലാനന്ദ സരസ്വതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അമേരിക്കയും ഫ്രാൻസും പോലുള്ള രാജ്യങ്ങളിൽ വർണ സമ്പ്രദായമില്ല. അത്തരം രാജ്യങ്ങളിൽ ബ്രാഹ്മണർ, വൈശ്യർ, ക്ഷത്രിയർ, ശൂദ്രർ തുടങ്ങിയതിന് പകരമായ വ്യവസ്ഥ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.