കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ നീക്കവുമായി പോലീസ്. ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡോക്ടര്‍മാരുള്‍പ്പെടെ 4 പ്രതികള്‍ക്കും ഇന്ന് നോട്ടീസ് നല്‍കാൻ തീരുമാനിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിക്കു മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകരെ പ്രതിചേര്‍ത്തതെന്നും അന്വേഷണ സംഘം വിശദമാക്കിയിട്ടുണ്ട്.
ഇന്നലെയാണ് അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക കുന്ദമംഗലം കോടതിയിൽ സമർപ്പിച്ചത്. കേസിൽ 2 ഡോക്ടർമാരും 2 നേഴ്‌സുമാരും ഉൾപ്പെടെ 4 പ്രതികളാണുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ രമേശൻ സി കെ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന എം, കോഴിക്കോട് മെഡിക്കൽ കോളേജ് ഐ എം സി എച്ചിലെ നഴ്സുമാരായ രഹന, മഞ്ജു കെ ജി എന്നിവരാണ് പ്രതികൾ.
ഹർഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതി ചേർത്തിരുന്ന മെഡിക്കൽ കോളേജ് ഐ എം സി എച് മുൻ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.