പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 17ന് നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. അതേസമയം അരിക്കൊമ്പനെ പിടികൂടുമ്പോള്‍ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ സംസ്ഥാന വനം വകുപ്പിന് കൈമാറാന്‍ അനുമതി ലഭിച്ചു. അസ്സം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍നാണ് അനുമതി നല്‍കിയത്. കേരളത്തില്‍ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥന്‍ അസ്സമിലെത്തി കോളര്‍ കൈപ്പറ്റും.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചാല്‍ നാളത്തന്നെ ഉദ്യോഗസ്ഥന്‍ പുറപ്പെടും. വ്യാഴാഴ്ചയോടെ കോളര്‍ എത്തിക്കാനാണ് സാധ്യത. അതിന് ശേഷം മോക്ക് ഡ്രില്‍, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും. കോടതി നിര്‍ദ്ദേശ പ്രകാരമായിരിക്കും എവിടേക്ക് മാറ്റണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അതിനിടെ അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനുള്ള കോടതി തീരുമാനത്തില്‍ പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്തെത്തി. എന്തുകൊണ്ടാണ് തേക്കടി ഒഴിവാക്കി പറമ്പിക്കുളം തിരഞ്ഞെടുത്തതെന്ന് അറിയില്ല. വിദഗ്ധ സമിതി ആണ് പറമ്പിക്കുളം നിര്‍ദേശിച്ചത്. എന്നാല്‍, യുക്തിരഹിതമായ തീരുമാനം കോടതി എടുക്കുമെന്ന് പറയാന്‍ കഴിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു