പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി പഞ്ചായത്തിൽ ജനം ഹർത്താൽ ആചരിക്കുന്നു. ജനകീയ സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. നിലവിൽ അരക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ അന്തിമ തീരുമാനം ഇല്ലെങ്കിലും, പൂർണമായി ഒഴിവാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെ മുതലമട പഞ്ചായത്തും സർവ കക്ഷി ഹർത്താൽ നടത്തിയിരുന്നു. പറമ്പിക്കുളത്തെ മുതുവരച്ചാലിലേക്ക് അരിക്കൊമ്പനെ കൊണ്ടുവരാൻ ആയിരുന്നു നേരത്തെ തീരുമാനിച്ചത്. പുതിയ സ്ഥലം കണ്ടെത്താൻ സർക്കാറിന് നിലവിൽ ഹൈക്കോടതി സാവകാശം നൽകിയിട്ടുണ്ട്. സർക്കാർ പക്ഷേ അന്തിമ തീരുമാനം എടുത്തിട്ടില്ല.
അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളമല്ലാതെ മറ്റൊരു സ്ഥലവും ഇല്ലെന്നാണ് സർക്കാരും മന്ത്രിയും പറയുന്നത്. ഇത് എത്രത്തോളം ശരിയാണ്? എന്തുകൊണ്ടാണ് തേക്കടി എന്ന സാധ്യതപോലും സർക്കാർ പരിഗണിക്കാത്തത്? അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടണം എന്നാണ് ചിന്നക്കനാലുകാരുടെ ആവശ്യം. സർക്കാരിനും അതേ അഭിപ്രായമാണ്. അപ്പോഴാണ് ആനപ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത്. ആനയെ മയക്കുവെടിവച്ച് പിടികൂടി കുട്ടിലടയ്ക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. ഹൈക്കോടതി വിഷയം പരിഗണിച്ചു.
ആനയെ കൂട്ടിലടയ്ക്കുന്നത് ശാശ്വത പരിഹാരമല്ല എന്ന് നിരീക്ഷിച്ചു. വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ വച്ചു. കൂട്ടിലടയ്ക്കേണ്ട പകരം റോഡിയോ കോളർ ഘടിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാം എന്ന് സമിതി നിർദേശിച്ചു. പറമ്പിക്കുളത്ത് ജനരോഷമുണ്ടായി ഹർത്താലുണ്ടായി, നെന്മാറ എംഎൽഎ ഹൈക്കോതിയിലെത്തി. പറമ്പിക്കുളത്തേക്ക് തന്നെ മാറ്റണം എന്നില്ലെന്നാണ് പിന്നീട് ഹൈക്കോടതി പറഞ്ഞത്. പറമ്പിക്കളം വിദഗ്ധ സമിതി ശുപാർശ ചെയ്ത സ്ഥലമാണ്. മറ്റൊരു ഉചിതമായ സ്ഥലം ഉണ്ടെങ്കിൽ സർക്കാരിന് തീരുമാനിക്കാം. ഉചിതമായ സ്ഥലം ഇല്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നുമാണ് വനം മന്ത്രി ഒടുവിൽ വ്യക്തമാക്കുന്നത്.