ന്യൂയോർക്ക്: ഗസ്സയിലെ ഫലസ്തീനികൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഹാർവാർഡ്, കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് വിവിധ നിയമസ്ഥാപനങ്ങൾ ജോലി നിഷേധിച്ചതായി റിപ്പോർട്ട്. ഫലസ്തീനെ പിന്തുണച്ചതിന്റെ പേരിൽ വിദ്യാർഥികൾക്ക് നൽകിയ ജോബ് ഓഫർ ലെറ്റർ പ്രമുഖ നിയമസ്ഥാപനമായ ഡേവിസ് പോൾക്ക് ആൻഡ് വാർഡ്‌വെൽ പിൻവലിച്ചു. വിദ്യാർഥികളുടെ നടപടി സ്ഥാപനം ഉയർത്തിപ്പിടിക്കുന്ന മൂല്യത്തിന് വിരുദ്ധമാണെന്നാണ് ഡേവിസ് പോൾക്ക് ആൻഡ് വാർഡ്‌വെൽ മാനേജിങ് പാർട്ണർ നീൽ ബാർ നൽകിയ മറുപടി. വിദ്യാർഥികളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സ സംഘർഷത്തിൽ ഇസ്രായേലിനെതിരായ പ്രസ്താവനയിൽ ഒപ്പുവെച്ച വിദ്യാർഥി നേതാക്കൾക്ക് തങ്ങളുടെ സ്ഥാപനത്തിൽ സ്ഥാനമില്ലെന്നും അധികൃതർ സൂചിപ്പിച്ചു. കൊളംബിയയിലെ 20 വിദ്യാർഥികളാണ് ഇസ്രായേലിനെതിരായ പ്രസ്താവനയിൽ ഒപ്പുവെച്ചത്. യുദ്ധത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഇസ്രായേലിലെ തീവ്രവലതു പക്ഷ സർക്കാരിനും പാശ്ചാത്യ സർക്കാരുകൾക്കുമാണ് എന്നായിരുന്നു പ്രസ്താവന. ജോലി നിഷേധിക്കപ്പെട്ട വിദ്യാർഥികളുടെ പേര് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞാഴ്ച ന്യൂയോർക് ന്യൂനിവേഴ്സിറ്റി സ്റ്റുഡന്റ് ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്ന റെയ്ന വർക്മാനും മറ്റൊരു നിയമ സ്ഥാപനമായ വിൻസ്റ്റൺ ആൻഡ് സ്‌ട്രോൺ ജോലി നിഷേധിച്ചിരുന്നു. ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ഇസ്രായേലിന് തന്നെയാണെന്നായിരുന്നു റെയ്ന കുറിച്ചത്.
ഹാർവാർഡ് സർവകലാശാലയിലെ ആംനസ്റ്റി ഇന്റർനാഷനലിൽ രജിസ്റ്റർ ചെയ്ത സംഘടനയായ ഐവി ലീഗ് ഇൻസ്റ്റിറ്റ്യൂഷൻ ഉൾപ്പെടെയുള്ള 31 സംഘടനകളാണ് ഇസ്രായേലിനെ കുറ്റപ്പെടുത്തി രംഗത്തുവന്നത്. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇസ്രായേൽ ആക്രമണത്തെ അപലപിച്ചും സംഘടനകളുടെ കൂട്ടായ്മ പൊതുജനങ്ങൾക്കായി കത്ത് പുറത്തുവിടുകയും ചെയ്തു. ഹമാസിന്‍റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്നും ഫലസ്തീനിലെ ജനങ്ങൾ പതിറ്റാണ്ടുകളായി തുറന്ന ജയിലിൽ കഴിയാൻ വിധിക്കപ്പെട്ടവരാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.