ഗുരുഗ്രാം: സംഘർഷം രൂക്ഷമായ ഹരിയാനയിൽ ഗോസംരക്ഷണം പ്രതിസന്ധിയിലാണെന്നും ഇതിനായി മുസ്ലിം യുവാക്കൾ മുന്നോട്ട് വരണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ. ഗോസംരക്ഷണത്തിന് മുസ്ലിം വിഭാഗം മുന്നോട്ടുവരുന്നത് രാജ്യത്തെ സാമൂഹിക സൗഹാർദം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്ച ചേർന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
സംഘർഷത്തിൽ നാശം സംഭവിച്ച സ്വകാര്യ സ്വത്തുക്കൾക്കുള്ള നഷ്ടപരിഹാരം അതിന് കാരണക്കാരായവർ തന്നെ നൽകണമെന്നും പൊതു സ്വത്തിന് ലഭിച്ച നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം സർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് നടന്ന സംഘർഷത്തിൽ കാരണക്കാരായവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ ആറ് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് ഹോം ഗാർഡുകൾ ഒരു ഇമാം, മറ്റ് മൂന്ന് പേർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘർഷവുമായി രജിസ്റ്റർ ചെയ്യപ്പെട്ട 41 കേസുകളിലായി 119 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഗോരക്ഷ ഗുണ്ടയും രാജസ്ഥാനിലെ ജുനൈദ്, നസീർ ആൾക്കൂട്ടക്കൊല കേസുകളിൽ പ്രതിയുമായ മോനു മനേസർ യാത്രയിൽ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ഇത് സൗഹൃദാന്തരീക്ഷം തകർക്കുമെന്ന് പറഞ്ഞ് ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോയിൽ താൻ യാത്രയിൽ പങ്കാളിയാകുമെന്ന് ഇയാൾ അറിയിച്ചിരുന്നു. യാത്രക്കൊപ്പമുള്ള വാഹനങ്ങളിലൊന്നിൽ മനേസർ ഉണ്ടെന്ന പ്രചാരണം വന്നതോടെ യാത്ര തടയാൻ ഒരു വിഭാഗം ശ്രമിക്കുകയും തുടർന്ന് പരസ്പരം കല്ലേറുണ്ടാവുകയും ചെയ്തു. പൊലീസിന്റേതുൾപ്പെടെ നിരവധി വാഹനങ്ങൾ കത്തിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.