ഹിസാര്‍: പൊതുപരിപാടിയില്‍ സ്ത്രീയെ പരിഹസിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഗ്രാമത്തില്‍ ഫാക്ടറി സ്ഥാപിക്കുമോയെന്ന് ചോദിച്ച യുവതിയെ ആണ് ഹരിയാന മുഖ്യമന്ത്രി അവഹേളിച്ചത്. ചന്ദ്രയാന്‍ 4ല്‍ നിങ്ങളെ ചന്ദ്രനിലേക്ക് അയക്കും എന്നാണ് ഖട്ടാര്‍ യുവതിയോട് പറഞ്ഞത്. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി തന്റെ അയൽ ഗ്രാമമായ ഭട്ടോൽ ജട്ടനിൽ ഒരു ഫാക്ടറി സ്ഥാപിക്കാമോ എന്ന് യുവതി ഹരിയാന മുഖ്യമന്ത്രിയോട് ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അടുത്ത തവണ നിങ്ങളെ ചന്ദ്രയാന്‍ 4ല്‍ ചന്ദ്രനിലേക്ക് അയക്കും, അവിടെയിരിക്ക് എന്നായിരുന്നു ഖട്ടാറിന്‍റെ മറുപടി.
ദൃശ്യത്തില്‍ പൊതുയോഗം നടന്ന സ്ഥലം വ്യക്തമല്ല. ജൻ സംവാദ് പരിപാടിയുടെ ഭാഗമായി ഖട്ടാർ ഇപ്പോൾ ഹിസാർ ജില്ലയിലാണ്. ഹരിയാന മുഖ്യമന്ത്രിയുടെ ചന്ദ്രയാൻ പരാമർത്തിനെതിരെ കോണ്‍ഗ്രസും എഎപിയും രംഗത്തെത്തി. മുതിർന്ന കോൺഗ്രസ് നേതാക്കളായ രൺദീപ് സിങ് സുർജേവാല, ദീപേന്ദർ സിങ് ഹൂഡ, ആം ആദ്മി പാർട്ടി നേതാവ് അനുരാഗ് ധണ്ഡ എന്നിവർ ഖട്ടാറിനെ രൂക്ഷമായി വിമര്‍ശിച്ചു.
സ്ത്രീകളോടുള്ള അവഹേളനവും അനാദരവും ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും ഡിഎന്‍എയില്‍ മാത്രമാണുള്ളതെന്ന് സുര്‍ജേവാല സമൂഹ മാധ്യമമായ എക്സില്‍ പ്രതികരിച്ചു. അധികാരത്തിന്റെ അഹങ്കാരത്തിൽ ഹരിയാനയിലെ മുഖ്യമന്ത്രി അതേ സ്ത്രീ വിരുദ്ധ ചിന്താഗതി ലജ്ജയില്ലാതെ പ്രകടിപ്പിക്കുന്നു. ജന്മാഷ്ടമിയുടെ ശുഭദിനത്തില്‍ ഹരിയാന മുതൽ മധ്യപ്രദേശ് വരെയുള്ള ജനങ്ങള്‍ ഇവരുടെ അഹംഭാവം തകർക്കുകയും പകൽ തന്നെ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണിക്കുകയും ചെയ്യുമെന്ന് സുർജേവാല കുറിച്ചു. ബിജെപിയാണ് ഭരിക്കുന്നത് എന്നത് ഹരിയാനയെ സംബന്ധിച്ച് നിര്‍ഭാഗ്യമാണെന്ന് എഎപി നേതാവ് അനുരാഗ് ധണ്ഡ പറഞ്ഞു. ഇങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയെ ഓർത്ത് ലജ്ജ തോന്നുന്നു. ജനങ്ങളെ സേവിക്കാന്‍ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ ഇന്ന് ജനങ്ങളെ കളിയാക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
പൊതുപരിപാടികളിൽ പൊതുജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ കുറിച്ച് തമാശകൾ പറയുക എന്നത് മുഖ്യമന്ത്രി ഖട്ടർ സാഹിബിന്റെ ദിനചര്യയായി മാറിയിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ പ്രതികരിച്ചു. ഇത്തവണ അവരുടെ അഹങ്കാരം അവരെ തകർക്കാൻ പോകുന്നു. തന്‍റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ എന്നും ഹൂഡ പറഞ്ഞു.