ഹരിയാന: ഹരിയാനയിലെ നുഹ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ബജ്റംഗ് ദള്‍ അംഗവും ഗോസംരക്ഷകനുമായ ബിട്ടു ബജ്രംഗി അറസ്റ്റില്‍. ബിട്ടുവിന്റേയും അദ്ദേഹത്തിന്റെ അനുയായിയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ മോനു മനേസറിന്റെയും പ്രകോപനപരമായ പരാമര്‍ശങ്ങളാണ് അക്രമത്തിന് കാരണമായതെന്ന് ആരോപണമുയരുന്നതിനിടെയാണ് അറസ്റ്റ്. കാവി വസ്ത്രം ധരിച്ച് നടന്നുപോകുന്നതും, പിന്നീട് ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതും, പ്രകോപനപരമായ ഗാനവും ബിട്ടു ബജ്റംഗി പുറത്തുവിട്ട വിഡിയോയിലുണ്ടായിരുന്നു.നിരവധി കേസുകളില്‍ പ്രതിയായ ബിട്ടു ബജ്റംഗിയെ അക്രമം പൊട്ടിപ്പുറപ്പെട്ട് 20 ദിവസത്തിന് ശേഷമാണ് ഫരീദാബാദിലെ വീടിന് സമീപത്ത് നിന്ന് പിടികൂടിയത്. മഫ്തിയിലെത്തിയ പൊലീസ് സംഘം ബിട്ടുവിനെ പിന്തുടര്‍ന്ന് പിടികൂടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.
കലാപം, അക്രമം, ഭീഷണിപ്പെടുത്തല്‍, ജോലി തടസപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഡ്യൂട്ടിയില്‍ നിന്ന് തടയല്‍, മാരകായുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിട്ടുവിനെതിരെ ചുമത്തിയിരിക്കുന്നത്.ഫരീദാബാദിലെ ഗാസിപൂര്‍ മാര്‍ക്കറ്റിലെയും ദബുവ മേക്കറ്റിലെയും പഴം, പച്ചക്കറി വ്യാപാരിയായ രാജ് കുമാര്‍ എന്ന ബിട്ടു ബജ്റംഗി കഴിഞ്ഞ മൂന്ന് വര്‍ഷമായി പശു സംരക്ഷക സംഘത്തിന്റെ നേതാവാണ്. കഴിഞ്ഞ മാസം മാത്രം മതവികാരം വ്രണപ്പെടുത്തിയതിന് മൂന്ന് കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.