ചണ്ഡീഗഢ്: അടുത്ത രണ്ടു-മൂന്ന് വർഷത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാവുമെന്ന് ഹരിയാന മന്ത്രി. രോഷ്തക്കിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി കമാൽ ഗുപ്ത.”2014നു മുമ്പ് ഞങ്ങൾ ശക്തരായിരുന്നില്ല. എന്നാൽ ഇപ്പോൾ ശക്തരാണ്. പാകിസ്താൻ കൈയേറിയതാണ് പാക് അധീന കശ്മീർ. അത് ഇന്ത്യയുടെ ഭാഗമാക്കേണ്ടതിനായി ശബ്ദമുയർത്തണം. അടുത്ത രണ്ടു-മൂന്ന് വർഷത്തിനുള്ളിൽ ഏതു നിമിഷവും പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്ത് മാത്രമേ അത് സാധിക്കുകയുള്ളൂ. ”-എന്നാണ് ഗുപ്ത പറഞ്ഞത്.ബി.ജെ.പിക്കു മാത്രമേ ഇന്ത്യയെ ഉന്നതിയിലെത്തിക്കാൻ കഴിയുകയുള്ളൂവെന്നും ഗുപ്ത അവകാശപ്പെട്ടു. ചൈനയുടെ ഭീഷണി വിദേശകാര്യമന്ത്രി ജയ്ശങ്കറിന് മനസിലാക്കാൻ സാധിച്ചിട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിനും ഗുപ്ത മറുപടി നൽകി. ഇന്ത്യയിലേക്ക് ആരും അതിക്രമിച്ചുകടക്കില്ലെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ മറുപടി.