ചണ്ഡിഗഡ് : ഹരിയാനയിൽ അനധികൃത ഖനനം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ നൂഹില്‍ ആണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. മേവാത്, തവഡു ഡിഎസ്പി സുരേന്ദ്ര സിങ് ബിഷ്‌ണോയ് ആണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ട്രക്ക് ഡ്രൈവർ ഇക്കറിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാലിനു വെടിയേറ്റ ഇയാളെ ആശുപത്രിയിലേക്കു മാറ്റി.
അനധികൃതമായി ഖനനം ചെയ്ത കല്ല് കടത്തിക്കൊണ്ടു പോകുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയത്. രാവിലെ 11 മണിയോടെ ഇവർ സ്ഥലത്തെത്തിയെന്നാണ് വിവരം. പൊലീസ് സംഘത്തെ കണ്ടതോടെ ഇവിടെയുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു.
ഇതിനിടെ പൊലീസ് വാഹനം തടയാൻ ശ്രമിച്ചെങ്കിലും, ട്രക്ക് ഡ്രൈവർ ഉദ്യോഗസ്ഥരുടെ നേരെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സുരേന്ദ്ര സിങ് ബിഷ്‌ണോയ് സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ട് ഉദ്യോഗസ്ഥർ പരുക്കുകളോടെ രക്ഷപ്പെട്ടു.
പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ലോഡുമായി ട്രക്ക് പോകാന്‍ തുടങ്ങുകയായിരുന്നുവെന്നാണ് വിവരം. നിര്‍ത്താനായി ഉദ്യോഗസ്ഥന്‍ കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ അതിവേഗം വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. ഡ്രൈവര്‍ ഉടനടി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. കൂടുതൽ പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി. മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി