ശ്രീനഗർ : പ്രകോപനപരമായ വീഡിയോ പ്രചരിച്ച സാഹചര്യത്തിൽ ജമ്മു കശ്മീർ ഡോഡാ ജില്ലയിലെ ബദേർവാ ടൗണിൽ കർഫ്യൂ പ്രഖ്യാപിച്ചു. മേഖലയിൽ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. സംഭവത്തിൽ കേസെടുത്തു അന്വേഷണം തുടങ്ങിയെന്നും ക്രമസമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഭാദെർവ പട്ടണത്തിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ചിലർ ശ്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇതേതുടർന്ന് മുൻകരുതൽ നടപടിയായി ബദേർവാ ടൌണ് ഉൾപ്പെടുന്ന കിഷ്ത്വാർ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുകയും ചെയ്യുകയായിരുന്നു.
സ്ഥിതിഗതികൾ സാധാരണ നിലയിലാവും വരെ മുൻകരുതൽ നടപടിയെന്ന നിലയിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. വിദ്വേഷകരമായി സമൂഹമാധ്യമങ്ങളിൽ പെരുമാറിയ രണ്ട് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ്. സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും അത്തരം ആളുകൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ജമ്മു കശ്മീർ പൊലീസ് മുന്നറിയിപ്പ് നൽകി.
“ഭാദർവയിലും പരിസരത്തും റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നങ്ങൾ കൂടുതൽ വഷളാവാതെ എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജമ്മു കശ്മീരിന് മുൻപിൽ ആവശ്യത്തിലേറെ പ്രശ്നങ്ങളും പ്രതിസന്ധികളും ഇപ്പോൾ തന്നെയുണ്ട്. ഇനിയും കൂടുതൽ പ്രശ്നങ്ങൾ നമ്മുക്ക് താങ്ങാനാവില്ല. ഈ സാഹചര്യത്തിൽ ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സാഹചര്യം എത്രയും വേഗം സാധാരണ നിലയിലാക്കാൻ സഹായിക്കാൻ എന്റെ പാർട്ടി സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോണ്ഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു,