വാഷിങ്ടൺ: പ്രായപൂർത്തിയാവാത്ത കുട്ടിയിൽ നിന്ന് ഗർഭം ധരിച്ച സംഭവത്തിൽ യുവതിയെ ജയില്‍ മുക്തയാക്കിയതിനെതിരെ പരാതിയുമായി ഇരയാക്കപ്പെട്ട ആണ്‍കുട്ടിയുടെ മാതാവ്. അമേരിക്കയിലെ കൊളറോഡോയിലാണ് സംഭവം. പതിമൂന്നുകാരനുമായി ലൈംഗിക ബന്ധം പുലർത്തിയ 31 കാരി ആൻഡ്രിയാ സെറാനോയാണ് അടുത്തിടെ ജയില്‍മുക്തയായത്. 2022-ൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
യുവതി ഗര്‍ഭിണി ആയതോടെയാണ് 13 വയസുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത വിവരം പുറത്തറിയുന്നത്. കുട്ടിക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന് ആൻഡ്രിയ സെറാനോയ്‌ക്കെതിരെ ഫൗണ്ടെയ്ൻ പൊലീസ് കുറ്റം ചുമത്തി,. 2022-ൽ അവർ അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ ലൈംഗിക കുറ്റവാളിയായി തന്നെ ചിത്രീകരിക്കരുതെന്ന ആവശ്യവുമായി യുവതി രംഗത്തെത്തി. ഇതേ തുടർന്ന് ആൻഡ്രിയാ സെറാനോയെ ജയിൽ ശിക്ഷയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. കേസിൽ അറസ്റ്റിന് മുമ്പുതന്നെ ആൻഡ്രിയാ ആൺകുട്ടിക്ക് ജന്മം നൽകിയിരുന്നു, കുട്ടിയുള്ളത് കൂടി കണക്കിലെടുത്ത് യുവതിയെ കുറ്റവിമുക്തയാക്കണമെന്നായിരുന്നു ഇവരുടെ അഭിഭാഷകരുടെ ആവശ്യം.
അതേസമയം, വിധിയോട് വിയോജിപ്പുമായി ആൺകുട്ടിയുടെ അമ്മ രംഗത്തെത്തി. തന്റെ മകന്റെ കുട്ടിക്കാലം നഷ്ടപ്പെട്ടതായി അവർ പറഞ്ഞു. ഇപ്പോൾ അവനൊരു അച്ഛനായിട്ടുണ്ടാവാം. എന്നാൽ അവനൊരു ഇരയാണ്. ജീവിതകാലം മുഴുവൻ അവനതുമായി ജീവിക്കേണ്ടി വരുമെന്നും മാതാവ് പറയുന്നു. ഇത് മറ്റൊരു തരത്തിൽ ആയിരുന്നെങ്കിൽ കേസ് ഇങ്ങനെ ആവില്ലായിരുന്നു- കുട്ടിയുടെ മാതാവ് പറയുന്നു.
അവളൊരു പുരുഷനും മകനൊരു പെൺകുട്ടിയും ആയിരുന്നെങ്കിൽ കേസിൽ ശിക്ഷിക്കപ്പെടുമായിരുന്നു. കേസിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുവാനും അവര്‍ തയ്യാറാകും.എന്നാല്‍ ഇവിടെ നിയമ വ്യവസ്ഥക്ക് യുവതിയോട് അനുകമ്പ കാട്ടി, മകന് നീതി നിഷേധിക്കപ്പെട്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മാതാവ് കൂട്ടിച്ചേർത്തു. അതേസമയം, കേസിൽ യുവതിക്ക് പത്തുവർഷം വരെ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. അടുത്ത മെയ് മാസത്തില്‍ കോടതി കേസ് വീണ്ടും പരിഗണിക്കും.