കൊച്ചി: ദലിത് യുവതിയെ പീഡിപ്പിച്ച കേസിൽ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടിസ്. ജാമ്യം നല്‍കിയത് ചോദ്യംചെയ്ത് അതിജീവിത നല്‍കിയ അപ്പീലിലാണ് കോടതി നടപടി. ജാമ്യം അനുവദിച്ച് നൽകിയ ഉത്തരവിൽ നിയമവിരുദ്ധ പരാമർശമുണ്ടെന്നും അതിജീവിത കോടതിയെ ബോധിപ്പിച്ചു. പരാതി വൈകിയത് അച്ഛന്‍ മരിച്ചതിനാലും മാനസിക സമ്മര്‍ദം മൂലമെന്നും അതിജീവിത പറയുന്നു.
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകികൊണ്ട് കോടതി നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. പീഡന പരാതി നൽകിയ കവയിത്രി സംഭവ സമയത്ത് ധരിച്ചിരുന്നത് ലൈംഗിക പ്രകോപനപരമായ വസ്ത്രങ്ങളായിരുന്നെന്നായിരുന്നു കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണൻ കുമാർ പറഞ്ഞത്. പരാതിക്കൊപ്പം സിവിക് ചന്ദ്രൻ ഹാജരാക്കിയ ചിത്രങ്ങളിൽനിന്ന് ഇതു വ്യക്തമാണെന്നും ആരോപിക്കുന്നതു പോലെ 354 എ വകുപ്പ് സിവിക് ചന്ദ്രനെതിരെ നിലനിൽക്കില്ലെന്നുമുള്ള നിരീക്ഷണത്തോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതിയുടെ പരാമർശത്തിനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.