ദില്ലി: ഇന്ത്യൻ വ്യോമസേനക്ക് കരുത്തേകാൻ 2025-ഓടെ നെക്സ്റ്റ് ജനറേഷൻ മിസൈലായ ബ്രഹ്മോസ് അവതരിപ്പിക്കും. സുഖോയ്-30എംകെഐ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് എന്നിവയുടെ യുദ്ധവിമാനങ്ങളിൽ മിസൈലുകൾ ഘടിപ്പിക്കും. 300 കിലോമീറ്റർ പരിധിക്കായി ശ്രമിക്കുകയാണ്. ഇപ്പോഴും ഡിസൈൻ ഘട്ടത്തിലായതിനാൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. മൂന്ന് കിലോമീറ്റർ കൂടാനോ കുറയാനോ സാധ്യതയുണ്ടെന്ന് ബ്രഹ്മോസ് എയ്‌റോസ്‌പേസ് ജിഎം (എയർ വേർഷൻ) ഗ്രൂപ്പ് ക്യാപ്റ്റൻ എം കെ ശ്രീവാസ്തവ (റിട്ട) ഏഷ്യാനെറ്റ് ന്യൂസബിളിനോട് പറഞ്ഞു.
കര ലക്ഷ്യങ്ങൾക്കായാണ് ആദ്യം ശ്രമിക്കുന്നത്. അത് വിജയിച്ചാൽ കടൽ ലക്ഷ്യമിടും. കരാർ ഒപ്പിടുമ്പോൾ മുതൽ പണം ലഭിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരം കുറഞ്ഞതും ചെറുതും ഒതുക്കമുള്ളതുമായതിനാൽ ബ്രഹ്മോസ് അടുത്ത തലമുറ മിസൈൽ സംവിധാനങ്ങൾ കൂടുതൽ പ്രവർത്തന ക്ഷമതയുള്ളതാകും. സുഖോയ്-30എംകെഐ, തേജസ് എന്നിവയിൽ വഹിക്കാനുതകുന്ന തരത്തിലാണ് പദ്ധതിയിട്ടിരിക്കുന്നത്. ഉത്തർപ്രദേശ് പ്രതിരോധ ഇടനാഴിയുടെ ലഖ്‌നൗ നോഡിലാണ് മിസൈൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. അടിസ്ഥാന സൗകര്യ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അതിന് ശേഷം മിസൈൽ നിർമാണം തുടങ്ങുമെന്നും ബ്രഹ്മോസ് എയ്റോസ്പേസിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ബ്രഹ്മോസ് മിസൈലിന്റെ കയറ്റുമതി സാധ്യതയും പരിഗണിക്കുന്നുണ്ട്. ബ്രഹ്മോസ് മിസൈലിന് കയറ്റുമതി സാധ്യതയുണ്ടെന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ എം കെ ശ്രീവാസ്തവ (റിട്ട) പറഞ്ഞു. നിരവധി രാജ്യങ്ങൾ ചെറിയ യുദ്ധവിമാനങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ബ്രഹ്മോസ് അത്തരം ജെറ്റുകൾക്ക് അനുയോജ്യമാകുമെന്നും ശ്രീവാസ്തവ പറഞ്ഞു.