ജീവനക്കാരോട് മോശമായി പെരുമാറുന്ന മേലുദ്യോഗസ്ഥർ മിക്കയിടത്തും ഉണ്ട്. എന്നാൽ, ചിലർ വളരെ അധികം അതിര് കടന്നായിരിക്കും പെരുമാറുന്നത്. സമാനമായ രീതിയിൽ ജീവനക്കാരിയെ അപമാനിച്ച ഒരു മേലുദ്യോഗസ്ഥനോട് 19000 പൗണ്ട്, അതായത് നമ്മുടെ 19 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചിരിക്കുകയാണ് കോടതി.
സ്കോട്ട്ലൻഡിലെ ഈസ്റ്റ് കിൽബ്രൈഡിലുള്ള ടെക്സ്റ്റൈൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഷഹ്സാദ് യൂനസിനെതിരെയാണ് ജീവനക്കാരിയായ ഐഷ സമൻ പരാതി നൽകിയത്. നിരവധി ആരോപണങ്ങളാണ് ഇവർ ഷഹ്സാദിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഐഷയുടെ പരാതിയിൽ പറയുന്നത് പലതവണ ഷഹ്സാദ് തന്നോട് മോശമായി പെരുമാറി, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി, ചീത്ത വിളിച്ചു, അധിക്ഷേപിച്ചു എന്നെല്ലാമാണ്. തന്നെ ഇയാൾ തടിച്ചി എന്ന് വിളിച്ചു എന്നും വേശ്യ എന്ന് പറഞ്ഞ് അധിക്ഷേപിച്ചു എന്നും യുവതി കോടതിയെ അറിയിച്ചു. രാത്രിയിൽ ഡിജെ ആയി ജോലി ചെയ്യുന്നത് നിർത്തണം, കാരണം അത് വേശ്യകളുടെ ജോലിയാണ് എന്നാണ് ഇയാൾ പറഞ്ഞത്.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കേസിന്റെ വിചാരണ. വിചാരണയ്ക്കൊടുവിൽ തൊഴിൽ കോടതി ഷഹ്സാദിനോട് ഐഷയ്ക്ക് നേരിടേണ്ടി വന്ന അപമാനത്തിന് നഷ്ടപരിഹാരമായി 19000 പൗണ്ട് നൽകണം എന്ന് അറിയിക്കുകയായിരുന്നു. എന്നാൽ, വിധി വന്ന് അധികം കഴിയും മുമ്പേ ഇയാളുടെ കമ്പനി നഷ്ടത്തിലാവുകയും അതെല്ലാം പൂട്ടി അയാൾ തന്റെ ജന്മനാടായ പാകിസ്ഥാനിലേക്ക് പോവുകയും ചെയ്തു. അതോടെ, ഐഷക്ക് തനിക്ക് കിട്ടാനുള്ള നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയായിരിക്കുകയാണ്. നേരത്തെ ഐഷക്കെതിരെ ഇയാൾ പരാതിയും നൽകിയിരുന്നു. അവർ 17718 പൗണ്ട് മോഷ്ടിച്ചു എന്നായിരുന്നു പരാതി. തനിക്കെതിരെ നൽകിയിരിക്കുന്ന കേസ് പിൻവലിച്ചാൽ കേസ് പിൻവലിക്കാം എന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ, ഐഷ കേസുമായി മുന്നോട്ട് പോവുകയായിരുന്നു.
ഇപ്പോൾ, ഷഹ്സാദ് പാകിസ്ഥാനിലിരുന്ന് ബിസിനസ് നടത്തുമെന്നും തനിക്ക് കേസ് നടത്തിയ കാശ് പോലും കിട്ടില്ല എന്നും കണ്ണീരോടെ പറയുകയാണ് ഐഷ. തന്റെ അവസ്ഥ കണ്ട് അയാളിപ്പോൾ ചിരിക്കുകയായിരിക്കും, അത്രയേറെ ക്രൂരതയുള്ളയാണ് അയാളെന്നും ഐഷ പറഞ്ഞു.