യുക്രൈന്‍ : നാട് വിട്ട് പോയിട്ടില്ലെന്നും താന്‍ കീവില്‍ തന്നെയുണ്ടെന്നും അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. അതിര്‍ത്തി കടന്നെത്തിയ നൂറുകണക്കിന് റഷ്യന്‍ സൈനികരെ വധിച്ചെന്നും റഷ്യയെ പ്രതിരോധിക്കാനായി തങ്ങള്‍ കീവില്‍ തന്നെയുണ്ടെന്നുമാണ് സെലന്‍സ്‌കി വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന ആവശ്യവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈന്‍ തലസ്ഥാനമായ കീവിന് 12 കിലോമീറ്റര്‍ (8 മൈല്‍) അകലെ റഷ്യയും യുക്രൈനും തമ്മില്‍ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. കീവിലെ തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ സൈന്യം. വിമാനത്താവളത്തിനും വൈദ്യുതി നിലയത്തിനും സമീപം സ്‌ഫോടന പരമ്പരയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യയുടെ ഇല്യൂഷന്‍ വിമാനം വെടിവെച്ചിട്ടു എന്നാണ് യുക്രൈന്റെ അവകാശവാദം. ഒഡെസയില്‍ രണ്ട് വിദേശ ചരക്ക് കപ്പലുകള്‍ റഷ്യന്‍സൈന്യം തകര്‍ത്തെന്ന് ഉക്രൈന്‍ സ്ഥിരീകരിച്ചു. അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ രംഗത്തെത്തിയിരുന്നു. യുക്രൈനില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്നാണ് ആവശ്യം. റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തിരിക്കുകയാണെന്നും ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര നിയമങ്ങള്‍ റഷ്യ ലംഘിച്ചെന്നും 120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ സ്റ്റോള്‍ട്ടന്‍ ബര്‍ഗ് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടുമെന്നും കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നുമാണ് നാറ്റോയുടെ മുന്നറിയിപ്പ്.