കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നീക്കം. സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. സുധാകരനെ അറസ്റ്റ് ചെയ്യാൻ നിയമോപദേശം തേടിയേക്കും. നാളെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരകണമെന്നാണ് കെ.സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, മുൻകൂർ ജാമ്യത്തിന് സുധാകരൻ ശ്രമം തുടങ്ങി. ക്രൈം ബ്രാഞ്ച് കേസെടുത്തതിനെതിരെ ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹം നിയമോപദേശം തേടി. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുമെന്നാണ് സുധാകരൻ പറയുന്നത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തത്. സുധാകരനെതിരെ കേസെടുത്തത് രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം. കെ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും.