പുത്തൂർ : ഡോക്ടറുടെ സുഹൃത്തായി നടിച്ച് ആശുപത്രിയിലെത്തിയ ആൾ ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി. പുത്തൂർ എസ്.ആർ.കെ. ഹോമിയോ ക്ലിനിക്കിൽനിന്നാണ് 15,000 രൂപ നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ഡോക്ടർ ഉച്ചയ്ക്ക് വീട്ടിൽപ്പോയ സമയത്ത് ആശുപത്രിയിലെത്തിയ ആൾ ലാബ് ജീവനക്കാരിയോട് ഡോക്ടറുടെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി പണം ആവശ്യപ്പെടുകയും മറ്റൊരാൾ ഉടൻ ഇവിടെ തിരിച്ചേൽപ്പിക്കുമെന്നും അറിയിച്ചു. ആശുപത്രി ഉടമ ഡോ. നന്ദകുമാറിനെ ഫോൺ ചെയ്യുന്ന ഭാവത്തിൽ ടെക്നീഷ്യൻ കേൾക്കെ സംസാരിച്ചുകൊണ്ടായിരുന്നു ആവശ്യം ഉന്നയിച്ചത്. വളരെയടുത്ത സുഹൃത്തുക്കൾ ഡോക്ടറെ സംബോധന ചെയ്യുന്ന രീതിയിലായിരുന്നു സംഭാഷണം.
തുടർന്ന് കൗണ്ടറിൽ വന്ന് 15,000 രൂപ നൽകാൻ ഡോക്ടർ പറഞ്ഞെന്ന് ജീവനക്കാരിയെ അറിയിച്ചു. ഇത് വിശ്വസിച്ച അവർ പണം നൽകുകയും ചെയ്തു. പണം കൊടുത്തിട്ടുണ്ടെന്ന വിവരം ഡോക്ടറെ വിളിച്ചറിയിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാകുന്നത്. അപ്പോഴേക്കും പണവുമായി ആൾ കടന്നുകളഞ്ഞു. ആശുപത്രിയിൽനിന്ന് പുത്തൂർ ജങ്ഷനിലേക്കാണ് ഇയാൾ പോയത്. സി.സി.ടി.വി.ദൃശ്യങ്ങളുൾപ്പെടെ കാണിച്ച് ഡോക്ടർ പുത്തൂർ പോലീസിൽ പരാതിനൽകി. കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ലാബിൽനിന്ന് സമാനരീതിയിൽ പണം കവർന്ന സംഭവമുണ്ടായിരുന്നു. സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചതിൽ രണ്ടും ഒരാളാണെന്ന നിഗമനത്തിലാണ് പോലീസ്.