ബെംഗളൂരു: കർണാടകയിലെ കലബുറഗിയിൽ ആളുകൾക്ക് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ കാലിൽ വെടിവച്ച് വീഴ്ത്തി പൊലീസ്. കലബുറഗി സ്വദേശി ഫസൽ ഭഗവാൻ എന്നയാൾക്കാണ് പരിക്കേറ്റത്. പൊലീസ് ഇയാൾക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ബ്രഹ്മപുര പൊലീസ് സ്റ്റേഷനടുത്തുള്ള കലബുറഗി മാർക്കറ്റിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മാർക്കറ്റിൽ പച്ചക്കറി, പഴം കച്ചവടക്കാരനായ ഫസൽ ഭഗവാൻ എന്നയാളാണ് കത്തിയുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്. ആളുകൾ പൊലീസിനെ വിവരമറിയിച്ചതോടെ സബ് ഇൻസ്പെക്ടർ വഹീദ് കോത്ത്‍വാളും സംഘവും സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിക്കാൻ പല തവണ പൊലീസ് ശ്രമിച്ചെങ്കിലും പൊലീസിനും നേരെ ഇയാൾ കത്തി വീശി.
തുടർന്ന് ആളുകളെ കത്തി വീശി ആക്രമിക്കുമെന്ന സ്ഥിതി വന്നപ്പോഴാണ് പൊലീസ് ഇയാൾക്ക് നേരെ നിറയൊഴിച്ചത്. രണ്ട് തവണയാണ് പൊലീസ് വെടിവച്ചത്. ആകാശത്തേക്ക് ആദ്യം വെടി വയ്ക്കുമ്പോൾ ഇയാൾ ഞെട്ടി തിരിഞ്ഞ് നോക്കുന്നത് കാണാം. പിന്നെ രണ്ടാമത്തെ വെടി ഇയാളുടെ കാലിൽ കൊണ്ടു. തുടർന്ന് റോഡിൽ വീണ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എന്തിനാണ് ഇയാൾ കത്തി വീശി അക്രമാസക്തനായതെന്ന് വ്യക്തമല്ല. പരിക്കേറ്റ ഇയാളെ പിന്നീട് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.