തൃശൂര്‍: ഹർത്താലിന് കടയടപ്പിക്കാൻ വടിവാളെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടു പേർ അറസ്റ്റിൽ. പാവറട്ടി പൊലീസാണ് പിടികൂടിയത്. മുല്ലശേരി സ്വദേശികളായ ഷാമിൽ, ഷമീർ എന്നിവരാണ് അറസ്റ്റിലായത്. വടിവാളുകൊണ്ട് വെട്ടി രണ്ട് കടകളുടെ ചില്ല് തകർത്തിരുന്നു. ഹർത്താൽ ദിനത്തിൽ ബസിന് കല്ലെറിഞ്ഞതിന് പാവറട്ടി, വടക്കാഞ്ചേരി പൊലീസ് രണ്ടു പേരെ വീതം പിടികൂടി. മുള്ളൂര്‍ക്കരയില്‍ കെഎസ്ആര്‍ടിസി ബസിനും ലോറിക്കും കല്ലെറിഞ്ഞ റഫീഖ്, നൗഫൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കല്ലമ്പലത്ത് ബസിന് കല്ലെറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അസ്ലം, മുഹമ്മദ് തൗഫീഖ് എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. അനുമതിയില്ലാതെ ജാഥ നടത്തിയതിന് 9 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെക്ക സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
കോട്ടയം കോട്ടമുറിയിൽ ബേക്കറിയുടെ ഗ്ലാസ് എറിഞ്ഞു പൊട്ടിച്ച സംഭവത്തിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പിടിയിലായി. മറ്റം കവല സ്വദേശി നസാറുള്ള, നൂറ്റൊന്ന് കവല സ്വദേശി ഷമീർ സലീം എന്നിവരാണ് അറസ്റ്റിലായത്. തെള്ളകത്ത് കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്ത പെരുമ്പായിക്കാട് സ്വദേശി ഷാനുൽ ഹമീദ്, നൂറ്റൊന്ന് കവല സ്വദേശി മുഹമ്മദ് റാഫി എന്നിവരും അറസ്റ്റിലായി. ഏറ്റുമാനൂർ പോലിസാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർ പിഎഫ്ഐ – എസ്‍ഡിപിഐ പ്രവർത്തകരാണ്.
പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും രാജ്യത്ത് എന്‍ഐഎയും ഇഡിയും വീണ്ടും നടപടി തുടങ്ങി. എട്ട് സംസ്ഥാനങ്ങളിൽ റെയ്ഡുകൾ പുരോഗമിക്കുകയാണ്. കർണാടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ റെയ‍്‍ഡുകൾ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകൾ. എൻഐഎ അല്ല റെയ‍്‍ഡ് നടത്തുന്നത് എന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മംഗളൂരുവിൽ നിന്ന് 10 പേരെയും ഉഡുപ്പിയിൽ നിന്ന് 3 പേരെയും കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിൽ 21 പേരെയും മഹാരാഷ്ട്രയിൽ 8 പേരേയെും ഗുജറാത്തിൽ 15 പേരെയും ദില്ലിയിൽ 34 പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷഹീൻബാഗിൽ നിന്നാണ് 30 പേരെ കസ്റ്റഡിയിൽ എടുത്തത്. മഹാരാഷ്ട്രയിൽ താനെയിൽ നിന്നാണ് 4 പിഎഫ്ഐ പ്രവർത്തകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. രണ്ടു പേരെ എടിഎസ് നാസികിൽ നിന്നും രണ്ടു പേരെ മലേഗാവിൽ നിന്നും പിടികൂടി. മറാത്തവാഡ മേഖലയിൽ നിന്ന് 21 പേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും സ്ഥിരീകരണമില്ല. യുപിയിൽ ലക്നൗ, മീററ്റ് എന്നിവിടങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്.