ജമ്മു: സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി കെട്ടുന്നതിനിടെ ഷോക്കടിച്ച ഡോക്ടര്‍ മരിച്ചു. ജമ്മു കശ്മീരിലെ കത്വാ ജില്ലയിലാണ് സംഭവം. ചദ്വാള്‍ പ്രദേശത്ത് നിന്നുള്ള പവന്‍ കുമാര്‍ എന്നയാളാണ് മരിച്ചത്. റൂഫ് ടോപ്പില്‍ ദേശീയ പതാക കെട്ടുന്നതിനിടെയാണ് സംഭവം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പതാക ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ 11 കെവി വൈദ്യുതി ലൈനില്‍ തട്ടിയാണ് ഡോക്ടര്‍ക്ക് ഷോക്കടിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതേദഹം ഹിരണ്‍നഗര്‍ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ദേശീയ പതാക ഉയർത്തി കെട്ടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരണപ്പെട്ട വാര്‍ത്തയും രാജ്യത്തെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
ബംഗളൂരുവിലെ ഹെന്നൂര്‍ പ്രദേശത്താണ് സംഭവം. മുപ്പത്തിമൂന്നുകാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ വിശ്വാസ് കുമാറാണ് മരിച്ചത്. നഗരത്തിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ദക്ഷിണ കന്നഡയിലെ സുള്ള്യയില്‍ നിന്നുള്ള വിശ്വാസ്. ബംഗളൂരുവിലെ ഹെന്നൂരില്‍ മാതാപിതാക്കള്‍ക്കും ഭാര്യക്കും രണ്ട് വയസുള്ള കുട്ടിക്കുമൊപ്പം രണ്ട് നില കെട്ടിടത്തിലാണ് വിശ്വാസ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്.
ടെറസിലെത്തി തൂണിന് മുകളിലായി ദേശീയ പതാക കെട്ടാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വിശ്വാസ് തെന്നി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. പിതാവായ നാരായണ്‍ ഭട്ടും ഭാര്യ വൈശാലിയും ചേര്‍ന്ന് വിശ്വാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ച് മണിയോടെ മരണപ്പെട്ടുവെന്ന് ഹെന്നൂര്‍ പൊലീസ് പറഞ്ഞു. ഇതിനിടെ തൃശൂരില്‍ സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ പങ്കെടുത്ത് മടങ്ങിയ പൊലീസുദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്ത് ലൈസണ്‍ ഓഫീസര്‍ ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടര്‍ ഇ ആര്‍ ബേബി ആണ് മരിച്ചത്. രാവിലെ തേക്കിൻകാട് മൈതാനത്ത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ പരേഡ് ഒരുക്കങ്ങൾ വിലയിരുത്തുന്നതടക്കമുള്ള ചുമതലയിൽ ബേബി ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിന പരേഡിന് ശേഷം ഓഫീസിലേക്ക് മടങ്ങിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഉടൻ തന്നെ ബേബിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനോടകം മരണം സ്ഥിരീകരിച്ചു.