പൂനെ : ഐപിഎല്‍ 15-ാം സീസണില്‍ ഗംഭീര അരങ്ങേറ്റമാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നടത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 27 പന്തുകളില്‍ 55 റണ്‍സ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അടിച്ചെടുത്തു. ഇതില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും ഉണ്ടായിരുന്നു. ഇതിനോടകം പലരും സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തി.
സഞ്ജുവിന്റെ ബാറ്റിംഗില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ലോകത്തെ ഏത് ഗ്രൗണ്ടിലും സിക്‌സടിക്കാനുള്ള കരുത്ത് സഞ്ജുവിനുണ്ടെന്നാണ് ശാസ്ത്രി പറയുന്നത്. അദ്ദേഹത്തിന്റ വാക്കുകള്‍.. ”പൂനെയില്‍ കളിക്കാന്‍ അവന് ഇഷ്ടമാണ്. മുമ്പ് ഇതേ ഗ്രൗണ്ടില്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയിട്ടുണ്ട്. ഹൈദരാബാദിനെതിരേയും മനോഹരമായി കളിച്ചു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരത്തിന്റെ ഷോട്ട് സെലക്ഷനൊക്കെ ഗംഭീരമായിരുന്നു.
വിക്കറ്റിന്റെ പേസും മനസിലാക്കി അവന്‍ ബാറ്റ് വീശി. പന്ത് ടേണ്‍ ചെയ്യുന്നില്ലെന്ന് സഞ്ജുവിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. സ്‌ട്രൈറ്റര്‍ ബൗണ്ടറികളാണ് സഞ്ജു ഉന്നം വച്ചത്. ലോകത്തെ ഏത് ഗ്രൗണ്ടും ക്ലിയര്‍ ചെയ്യാനുള്ള കരുത്ത് അവനുണ്ട്. അഞ്ച് ഓവര്‍ കൂടി അവന്‍ ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ സ്‌കോര്‍ 230 കടക്കുമായിരുന്നു. ടീമിന് ആവശ്യമായ ആക്രമണോത്സുകത സഞ്ജു കാണിച്ചു.” ശാസ്ത്രി വ്യക്തമാക്കി. മത്സരത്തില്‍ 61 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനാണ് സാധിച്ചത്. എയ്ഡന്‍ മാര്‍ക്രം (57), വാഷിംഗ്ടണ്‍ സുന്ദര്‍ (40) എന്നിവരാണ് സണ്‍റൈസേഴ്‌സിനു വേണ്ടി തിളങ്ങിയത്. രാജസ്ഥാനു വേണ്ടി യുസ്വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇതിനിടെ സഞ്ജു ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സുകളെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. 110 സിക്സുകളാണ് നിലവില്‍ സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. മുന്‍ രാജസ്ഥാന്‍ താരം ഷെയ്ന്‍ വാട്സണെയാണ് താരം മറികടന്നത്. 110 സിക്സുകള്‍ സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. ഇക്കാര്യത്തില്‍ ജോസ് ബട്ലര്‍ മൂന്നാമതാണ്. 69 സിക്സാണ് ഇംഗ്ലീഷ് താരത്തിന്റെ അക്കൗണ്ടില്‍. നിലവില്‍ രാജസ്ഥാന്‍- ഹൈദരാബാദ് മത്സരത്തില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ താരവും സഞ്ജുവാണ്.