ആന്റിഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും നല്ലൊരു ഉറവിടമാണ് തണ്ണിമത്തൻ. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, സി എന്നിവയുൾപ്പെടെ വിവിധ ദലാ മഹജപോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
കലോറിയും താരതമ്യേന കുറവാണ്, ഒരു കപ്പ് തണ്ണിമത്തനിൽ 47 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. തണ്ണിമത്തൻ സിട്രുലിൻ എന്ന അമിനോ ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ്. കൂടാതെ, വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ, ലൈക്കോപീൻ, കുക്കുർബിറ്റാസിൻ ഇ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ലൈക്കോപീൻ, കുക്കുർബിറ്റാസിൻ ഇ എന്നിവയുൾപ്പെടെ തണ്ണിമത്തനിൽ കാണപ്പെടുന്ന നിരവധി സസ്യ സംയുക്തങ്ങൾക്ക് കാൻസർ വിരുദ്ധ ഫലങ്ങളുണ്ട്. ലൈക്കോപീൻ എന്ന സംയുക്തം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രോസ്റ്റേറ്റ്, വൻകുടൽ കാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
തണ്ണിമത്തനിലെ നിരവധി പോഷകങ്ങൾ ഹൃദയാരോഗ്യത്തെ സഹായിക്കും. കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ ലൈക്കോപീൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉയർന്ന കൊളസ്ട്രോളിൻറെ അളവ് മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തെ തടയാനും ഇത് സഹായിച്ചേക്കാം. തണ്ണിമത്തനിൽ സിട്രുലിൻ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കും. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകൾ വികസിപ്പിക്കാൻ സഹായിക്കുന്നു, ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നു.
തണ്ണിമത്തൻ സംയുക്തമായ ലൈക്കോപീൻ കണ്ണുകൾക്ക് ഗുണം ചെയ്യും. പ്രായമായവരിൽ അന്ധതയ്ക്ക് കാരണമാകുന്ന നേത്ര പ്രശ്നമാണ് മാക്യുലർ ഡീജനറേഷൻ (എഎംഡി). ഇതിലെ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തവും മാക്യുലർ ഡീജനറേഷൻ തടയുന്നതിന് സഹായിക്കുന്നു. തണ്ണിമത്തനിൽ കാണപ്പെടുന്ന അമിനോ ആസിഡായ സിട്രുലിൻ പേശിവേദന കുറയ്ക്കുകയും ചെയ്യും. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി എന്നിവ ചർമ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.