ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടർമാരെ കാണാതെ ജീവിക്കാമെന്ന വാദം കേൾക്കാത്തവരായി ആരും കാണില്ല. എന്നാൽ എന്തുകൊണ്ടാണിത് പറയുന്നതെന്ന് അറിയാമോ?
അറിയാം പതിവായി ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങൾ.
ഒന്ന്…
ധാരാളം ഫൈബറിനാലും ജലാംശത്താലും സമ്പന്നമാണ് ആപ്പിൾ. അതിനാൽ തന്നെ ഇവ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് നല്ലൊരു ഭക്ഷണമാണ്. ആപ്പിൾ ഒരെണ്ണം കഴിക്കുമ്പോൾ തന്നെ വിശപ്പ് കെട്ടുപോവുകയും ഊർജം അനുഭവപ്പെടുകയും ചെയ്യുന്നതിനാൽ തുടർന്നുള്ള സമയം കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കും. നാല് മണിക്കൂർ നേരത്തേക്കെങ്കിലും വിശപ്പനുഭവപ്പെടാതിരിക്കാൻ ഒരു ആപ്പിൾ സഹായകമാണെന്നാണ് പഠനങ്ങൾ അവകാശപ്പെടുന്നത്.
രണ്ട്…
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായിക്കുന്നൊരു ഭക്ഷണമാണ് ആപ്പിൾ. ധമനികളിൽ കൊഴുപ്പ് അടിയാനുള്ള സാധ്യതകളില്ലാതാക്കുന്നതിലൂടെയാണ് ആപ്പിൾ ഹൃദയത്തെ സുരക്ഷിതമാക്കാൻ സഹായിക്കുന്നത്. ആപ്പിളിന്‍റെ തൊലിയും ഹൃദയത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന രണ്ട് പ്രകൃതിദത്തമായ കെമിക്കലുകൾ രക്തയോട്ടം സുഗമമായി നടക്കുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം തന്നെ രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നതിനും ആപ്പിൾ ഉപകാരപ്പെടുന്നു.
മൂന്ന്…
കരൾസഞ്ചിയിലുണ്ടാകുന്ന കല്ലുകളൊഴിവാക്കുന്നതിനും ആപ്പിൾ ഉപകാരപ്രദമാണ്. കൊളസ്ട്രോൾ അധികരിക്കുമ്പോഴാണ് കാര്യമായും കരൾസഞ്ചിയിൽ കല്ലുണ്ടാകുന്നത്. അതുപോലെ വണ്ണം കൂടുമ്പോഴും. ഈ രണ്ട് പ്രശ്നങ്ങളുമൊഴിവാക്കാൻ ആപ്പിൾ സഹായകമാണല്ലോ…
നാല്…
ദഹനപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഏറെ ഗുണപ്പെടുന്നൊരു ഭക്ഷണമാണ് ആപ്പിൾ. ആപ്പിളിലുള്ള ഫൈബർ തന്നെയാണ് ഇതിന് അവസരമൊരുക്കുന്നത്. മലബന്ധം, ഗ്യാസ് പോലുള്ള ബുദ്ധിമുട്ടുകളൊഴിവാക്കാനെല്ലാം ആപ്പിൾ സഹായിക്കുന്നു.
അഞ്ച്…
ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളുന്നത് കരളിന്‍റെ ജോലിയാണ്. ഇതിന്‍റെ ഭാഗമായി കരളിൽ വിഷപദാർത്ഥങ്ങളുടെ അവശേഷിപ്പുകൾ അടിയാം. ഇതിനെ ഒഴിവാക്കുന്നതിന് ആപ്പിളിലടങ്ങിയിരിക്കുന്ന ‘പോളിസാക്രൈഡ് പെക്ടിൻ’, ‘മാലിക് ആസിഡ്’ എന്നിവ സഹായിക്കുന്നു.
ആറ്…
രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ആപ്പിളിനെ ആശ്രയിക്കാവുന്നതാണ്. പ്രത്യേകിച്ച് നിലവിൽ ധാരാളം രോഗങ്ങൾ ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് കഴിക്കേണ്ടതുണ്ട്. ഒരുപാട് സ്ട്രെസ് അനുഭവിക്കുന്നവരും പതിവായി ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
ഏഴ്…
തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ശ്രദ്ധിക്കുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും ഡയറ്റിലുൾപ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് ആപ്പിൾ. സ്ട്രെസ് മൂലം നാഡികൾ ബാധിക്കപ്പെടുന്ന അവസ്ഥയെ ഒഴിവാക്കുന്നതിനാണ് പ്രധാനമായും ആപ്പിൾ സഹായകമാവുക.