ലേഡീസ് ഫിംഗർ, ഓക്ര അല്ലെങ്കിൽ ഭിണ്ടി എന്നൊക്കെ അറിയപ്പെടുന്ന വെണ്ടയ്ക്കയ്ക്ക് ധാരാളം പോഷകഗുണങ്ങളാണുള്ളത്. വിറ്റാമിൻ എ, ബി, സി, ഇ, കെ, കാത്സ്യം, അയേൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയർന്ന തോതിൽ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്കയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്. എന്നാൽ, പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടും ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വെണ്ടയ്ക്കയുടെ സഹായത്താൽ കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ദഹനനാളത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കും.
വെണ്ടയ്ക്കയിൽ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഗർഭിണികൾ നിർബന്ധമായും കഴിക്കേണ്ട പച്ചക്കറിയാണ്. ഇത് വളരുന്ന ഭ്രൂണത്തിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും വികാസത്തെ ബാധിക്കുന്ന ഒരു ന്യൂറൽ ട്യൂബ് വൈകല്യത്തിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
വെണ്ടക്കയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് വെണ്ടയ്ക്ക. ധാരാളം വിറ്റാമിനുകളും മിനറലുകളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ആൻറിഓക്‌സിഡൻറുകളായ ബീറ്റ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയാൽ സമൃദ്ധമാണ് വെണ്ടയ്ക്ക. ഇത് കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു. പല ചർമ്മ രോഗങ്ങളെയും തടയാൻ വെണ്ടയ്ക്കക്ക് കഴിയും.
വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വെണ്ടയ്ക്ക സഹായകമാണ്. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന ലെക്റ്റിന്‍ ഓക്രായില്‍ പ്രോട്ടീന്‍ വെണ്ടക്കയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
വെണ്ടക്കയിലുള്ള വൈറ്റമിന്‍ സി, ഇ, സിങ്ക് എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനുകള്‍ റെറ്റിനയുടെ ഭാഗമായി കണ്ണിനു പിറകിലുള്ള മാക്യുലയില്‍ സ്ഥിതിചെയ്യുന്ന ദശലക്ഷക്കണക്കിന് ഫോട്ടോറിസെപ്റ്റര്‍ സെല്ലുകളെ സംരക്ഷിക്കുന്നു.