നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഏറ്റവും പോഷകഗുണമുള്ള സൂപ്പർഫുഡുകളിൽ ഒന്നാണ് നെയ്യ്. പോഷക സാന്ദ്രവും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയതുമായതിനാൽ നെയ്യ് പ്രാഥമികമായി ഇന്ത്യൻ പാചകരീതികളിൽ ഉപയോഗിക്കുന്നു. കുട്ടികളുടെ വളർച്ചയ്ക്ക് പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ പ്രധാനമാണ്. കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് കൊടുക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നെയ്യ് മികച്ചതാണ്. കുട്ടികൾക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് ബലവും ശക്തിയും നൽകുന്നു.
നെയ്യിന്റെ പോഷക മൂല്യങ്ങൾ വെണ്ണയ്ക്ക് സമാനമാണ്, ഇത് ലാക്ടോസ് രഹിതമാണ്. നെയ്യിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, ഒമേഗ-3 (മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ) സംയോജിത ലിനോലെയിക് ആസിഡും ബ്യൂട്ടിറിക് ആസിഡും നെയ്യിൽ കാണപ്പെടുന്നു.ഭാരക്കുറവുള്ള കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് നൽകുന്നത് ഭാരം വർധിപ്പിക്കാൻ സഹായിക്കും. അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കി ശുദ്ധമായ നെയ്യ് കഴിക്കുന്നത് ശീലമാക്കിയാൽ ആരോഗ്യകരമായ രീതിയിൽ കുട്ടികളുടെ ഭാരം വർധിക്കും.
നെയ്യിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാഴ്ച, ചർമ്മം, പ്രതിരോധശേഷി എന്നിവയ്‌ക്ക് വിറ്റാമിൻ എ വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും വിറ്റാമിൻ ഇയും അത്യാവശ്യമാണ്. നെയ്യിൽ മികച്ച അളവിൽ പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്കും നെയ്യ് ഗുണം ചെയ്യും. ആദ്യ വർഷത്തിൽ കുട്ടിക്ക് നെയ്യ് നൽകുന്നത് എല്ലുകളെ ആരോഗ്യകരവും ശക്തവുമാക്കാൻ സഹായിക്കും.