വാഴപ്പഴം ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണെന്ന് നമുക്കറിയാം. എന്നാൽ പച്ചക്കായയും ഗുണങ്ങളിൽ ഒട്ടും മോശമല്ല. പോഷകാഹാരവിദഗ്ധയായ ലോവ്നീത് ബത്ര തന്റെ ഇൻസ്റ്റഗ്രാം പേജിൽ പച്ചക്കായ നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് പറയുന്നു. അറിയാം പച്ചക്കായയുടെ ആരോഗ്യഗുണങ്ങൾ.
∙ ദഹനം വർധിപ്പിക്കുന്നു
ഫിനോളിക് സംയുക്തങ്ങൾ പച്ചക്കായയിൽ ധാരാളം ഉണ്ട്. കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനും ഹൃദയസംബന്ധമായ രോഗങ്ങൾ തടയാനും ഇതിനു കഴിവുണ്ട്. പ്രീബയോട്ടിക് ഗുണങ്ങളും പച്ചക്കായയ്ക്കുണ്ട്. ഇത് വയറിലെ നല്ല ബാക്ടീരിയകളെ നിർമിക്കാൻ സഹായിക്കുന്നു. ഉദരത്തെ ആരോഗ്യമുള്ളതാക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു.
ഹൃദയാരോഗ്യം
വാഴപ്പഴത്തിലേതുപോലെ പൊട്ടാസ്യം പച്ചക്കായയിലും ഉണ്ട്. റസിസ്റ്റന്റ്സ് സ്റ്റാർച്ചും പച്ചക്കായയിൽ ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദം നിയന്ത്രിക്കാനും സഹായകം.
∙ പ്രമേഹരോഗികൾക്ക്
പച്ചക്കായയിലടങ്ങിയ പെക്ടിനും റസിസ്റ്റന്റ് സ്റ്റാർച്ചും രക്തത്തിലെ പഞ്ചസാരയുെട അളവ് നിയന്ത്രിക്കുന്നു. ഗ്ലൈസെമിക് ഇൻഡക്സും കുറവാണ് പച്ചക്കായയ്ക്ക്.
∙ആന്റിഓക്സിഡന്റുകൾ
ആന്റിഓക്സിഡന്റുകൾ ശരീരത്തെ ഫ്രീറാഡിക്കലുകളിൽ നിന്നും ഓക്സീകരണ സമ്മർദത്തിൽ നിന്നും സംരക്ഷിക്കുന്നു. ശരീരകോശങ്ങളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളോടൊപ്പം വൈറ്റമിൻസി, ബീറ്റാകരോട്ടിൻ, നിരവധി ഫൈറ്റോന്യൂട്രിയന്റുകൾ എന്നിവയും പച്ചക്കായയിലുണ്ട്. ഇത് ഇൻഫ്ലമേഷന്‍ കുറയ്ക്കാൻ സഹായിക്കുന്നു.
∙ ശരീരഭാരം കുറയ്ക്കുന്നു
പച്ചക്കായയിൽ അടങ്ങിയ റസിസ്റ്റന്റ് സ്റ്റാർച്ചും പെക്ടിനും വിശപ്പ് നിയന്ത്രിക്കുന്നു. ഫൈബർ ധാരാളം അടങ്ങിയതിനാൽ ഭക്ഷണം കഴിച്ച് ഏറെ നേരത്തിനു ശേഷവും വയർ നിറഞ്ഞതായി തോന്നിപ്പിക്കും. ഇത് ഭക്ഷണത്തിൽ അമിത കാലറി കഴിക്കാതിരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.