തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ കോവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനകരമായ രീതിയില്‍ ഓണ്‍ലൈന്‍ ആയാണ് സെഷനുകള്‍ ക്രമീകരിച്ചരിക്കുന്നത്. ജനുവരി 26 ബുധനാഴ്ച വൈകുന്നേരം 3 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി യൂട്യൂബിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും ഇതില്‍ പങ്കെടുക്കാം. ഈ ക്യാമ്പയിനില്‍ https://youtu.be/sFuftBgcneg എന്ന യൂട്യൂബ് ലിങ്കിലൂടെ പങ്കെടുക്കാം. വയോജന സംരക്ഷണം – പരിചരണം, ഗൃഹ പരിചരണം, കുട്ടികളുടെ പരിചരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് അവബോധ പരിപാടി. വിദഗ്ധ ഡോക്ടർമാർ വിവിധ വിഷയങ്ങളിലായി ക്ലാസുകളെടുക്കും.