നമുക്കോ, പ്രിയപ്പെട്ടവർക്കോ അസുഖങ്ങൾ വരിക എപ്പോഴെന്നത് ആർക്കും മുൻകൂട്ടി പ്രവചിക്കാനാവില്ല. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ മെഡിക്കൽ എമർജൻസി അഭിമുഖീകരിക്കേണ്ടതായി വരും. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ പലരും സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക പോലുമില്ല. ഇൻഷുറൻസ് പോളിസിയുടെ കാര്യം വരുമ്പോഴാകട്ടെ നാളെയാകാം എന്ന ചിന്തയിലുമായിരിക്കും മിക്കവരും. രോഗങ്ങൾ വന്ന്, അവസാന നിമിഷത്തിൽ ബില്ലുകൾക്കായി പണം കണ്ടെത്തുന്നതിനായി അലയുന്നതിന് പകരം, ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നത് സുരക്ഷിതമാണ്. വർദ്ധിച്ചുവരുന്ന ആശുപത്രി, മെഡിക്കൽ ചെലവുകൾക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വലിയൊരാശ്വാസം തന്നെയാണ്.
ശസ്ത്രക്രിയകൾ, മരുന്നുകൾ, മറ്റ് ആശുപത്രി ചെലവുകൾ എന്നിവയുൾപ്പെടെയുള്ള മെഡിക്കൽ സേവനങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ നിലവിലുണ്ട്. പ്രതിമാസത്തിലോ അല്ലെങ്കിൽ വാർഷിക പ്രീമിയമോ അടച്ചുകൊണ്ട് നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് പോളിസിയെടുക്കാവുന്നതാണ്. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച്, അനുയോജ്യമായ പോളിസി എടുക്കേണ്ടതുണ്ട്. ഇത് അടിയന്തിര സാഹചര്യങ്ങളിൽ നിങ്ങൾക്ക് ആശ്വാസം നൽകുകയും, ഒരു പരിധിവരെ ചെലവുകളുടെ കാര്യമോർത്തുളള ടെൻഷനുമൊഴിവാക്കാം.1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 (ഡി) അനുസരിച്ച് ആരോഗ്യ ഇൻഷുറന്‌സ് പോളിസി ഉടമകൾക്ക് നികുതി ഇളവ് ലഭിയ്്ക്കും. മാത്രമല്ല, അക്കണ്ട് ഉടമ, അവരുടെ പാർട്ണർ, കുട്ടികൾ എന്നിവർക്ക് ഒരു സാമ്പത്തിക വർഷത്തിൽ നിശ്ചിത തുക നികുതി ഇളവായി അനുവദിക്കുകയും ചെയ്യുന്നുണ്ട്.
പലപ്പോഴും ആനുകൂല്യ പാക്കേജിന്റെ ഭാഗമായി തൊഴിലുടമകൾ ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ട്. അത്തരം സൗകര്യങ്ങളില്ലാത്തവർക്ക്, വ്യക്തികൾക്കോ കുടുംബങ്ങൾക്കോ സ്വന്തമായി ഹെൽത് ഇൻഷുറൻസ് പോളിസിയെടുക്കാവുന്നതാണ്.എന്നാൽ ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുക്കുന്നതിന് മുൻപ് മൂന്ന് പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കവറേജ്:
ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുക്കും മുൻപ് കവറേജ് എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ആവശ്യമുള്ള മെഡിക്കൽ ചെലവുകൾ അടങ്ങുന്ന പോളിസിയാണ് തെരഞ്ഞെടുക്കേണ്ടത്.. ഔട്ട്പേഷ്യന്റ് കെയർ, കുറിപ്പടി മരുന്നുകൾ, തുടങ്ങി ഏതൊക്കെ മെഡിക്കൽ സേവനങ്ങൾ ഈ പോളിസിയെടുക്കു്ന്നത് വഴി നിങ്ങൾക്ക് ലഭിക്കുമെന്നും, മറ്റ് ആനുകൂല്യങ്ങളുണ്ടോ എന്നതും അറിഞ്ഞുവെയ്ക്കണം.
നെറ്റ്വർക്ക്: നിങ്ങൾ തെരഞ്ഞെടുക്കുന്ന ഇൻഷുറൻസ് പോളിസി പ്രകാരം ഏതൊക്കെ ആശുപത്രികളിൽ സേവനം ലഭിക്കുമെന്നത് അറിയേണ്ടതുണ്ട്. നിങ്ങൾക്ക് സന്ദർശിക്കേണ്ട ഒരു ഡോക്ടറോ ആശുപത്രിയോ ഉണ്ടെങ്കിൽ, അവർ നെറ്റ്വർക്കിന്റെ ഭാഗമാണെന്ന് ഉറപ്പാക്കുക. നെറ്റ്വർക്കിന് പുറത്തുള്ള ഡോക്ടർമാരെയോ, ആശുപത്രിയേ സന്ദർശിക്കണമെങ്കിൽ, അതിനുള്ള അവസരമുണ്ടാകുമോ എന്നത് കൂടി പരിശോധിക്കണം.
എന്ത് ചെലവ് വരും: ആരോഗ്യ ഇൻഷുറൻസ് പോളിസിക്കായി എത്ര ചെലവ് വരുമെന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അറിഞ്ഞുകൊണ്ട്, അവർക്ക് അനുയോജ്യമായ പോളിസികൾ തെരഞ്ഞെടുക്കണം.മാത്രമല്ല ഏതെങ്കിലും ആനുകൂല്യങ്ങൾ, കോ-പേയ്മെന്റുകൾ, ഇൻഷുറൻസ് എന്നിവയ്ക്കൊപ്പം പോളിസിക്കായി നിങ്ങൾ അടയ്ക്കേണ്ട പ്രീമിയം തുക എത്രയെന്ന് പരിശോധിക്കണം. കൂടാതെ, പ്ലാൻ പ്രതിവർഷം പണമടയ്ക്കുന്നതിന് എന്തെങ്കിലും ഡിസ്‌കൗണ്ട് ലഭിക്കുമോ പോലുള്ള കാര്യങ്ങളും അറിഞ്ഞുവെയ്ക്കണം. മതിയായ കവറേജ് വാഗ്ദാനം ചെയ്യുന്നതോടൊപ്പം നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ ഒരു പോളിസി തിരഞ്ഞെടുക്കുന്നതാണുചിതം.
അപ്രതീക്ഷിതമായ അസുഖമോ പരിക്കോ ഉണ്ടായാൽ നിങ്ങൾക്കും, പ്രിയപ്പെട്ടവർക്കും മെഡിക്കൽ പരിരക്ഷ ലഭിക്കുമെന്നത് ആർക്കായാലും വലിയ ആശ്വാസം തന്നെയാകും. മെഡിക്കൽ ചെലവുകൾ മൂലമുണ്ടാകുന്ന കടങ്ങളൊഴിവാക്കാനും, നിങ്ങളുടെ സാമ്പത്തിക സ്ഥിരത നിലനിർത്താനും ആരോഗ്യ ഇൻഷുറൻസ് പോളിസികൾ സഹായകരമാകും.