പത്തനംതിട്ട: വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും കാസർകോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പരിമിതികളേറെയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജ് ആക്കി മാറ്റിയതാണ്. അവിടെ ഇപ്പോഴും ആരോഗ്യവകുപ്പിലേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ടർമാർ ഉണ്ട്. കൂടുതൽ ഡോക്ടർമാരെ നിയമിക്കേണ്ടതുണ്ട്. അതിനായി തസ്തിക സൃഷ്ടിക്കണം. എന്നാൽ കാത്ത് ലാബ് അടക്കം സജ്ജീകരിച്ച് വിദഗ്ധ ചികിൽസ ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കാസർകോട് മെഡിക്കൽ കോളജിൽ നിർമാണം നിലച്ച അവസ്ഥയായിരുന്നു. കരാറുകാരന് പണം കൊടുക്കാനുണ്ടായിരുന്നു.യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പണം കൊടുക്കാത്ത അവസ്ഥ ഉണ്ടായത്. ഇപ്പോൾ മൂന്നര കോടി രൂപ കൊടുക്കാനുള്ള നടപടി പൂർത്തിയായി.ടെണ്ടർ നടപടികളും തുടങ്ങി . മാത്രവുമല്ല കിഫ്ബിയിൽ നിന്ന് 160 കോടി രൂപ ആശുപത്രി നിർമാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എൻഡോസൾഫാൻ ഇരകൾ ഉള്ള ജില്ലയിൽ നേരത്തെ ഒരു ന്യൂറോളജിസ്റ്റ് പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ആരോഗ്യവകുപ്പിൽ നിന്ന് 2പേരെ നിയമിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഒരു ന്യൂറോളജിസ്റ്റിനെ വർക്കിങ് അറേഞ്ച്മെന്റിലും അവിടെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.