തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സോപ്പുപയോഗിച്ച് കൈ കഴുകുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും. കൈകഴുകല്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാര്‍ഗമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകള്‍ നന്നായി തേച്ചുരച്ച് കഴുകുന്നത് ശീലമാക്കണമെന്നും മന്ത്രി പറഞ്ഞു.
എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 15 അന്താരാഷ്ട്ര കൈകഴുകല്‍ ദിനമായി ആചരിച്ചു വരുന്നു. ‘കൈകളുടെ ശുചിത്വത്തിനായി പ്രായഭേദമന്യേ നമുക്കൊരുമിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ദിനാചരണത്തിന്റെ ഭാഗമായി മറ്റു ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം സംസ്ഥാനത്തെ അംഗന്‍വാടികളിലും സ്‌കൂളുകളിലും ക്ലാസുകളും സംഘടിപ്പിക്കുന്നു.