കൊവിഡ് 19 പ്രതിസന്ധി തുടരവേ വിയറ്റ്നാമില്‍ കൊവിഡ് അനുബന്ധമായി അഴിമതി നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി ആരോഗ്യമന്ത്രി. കൊവിഡ് പരിശോധനാ നിരക്ക് കുത്തനെ കൂട്ടിയത് അടക്കം കൊവിഡ് പശ്ചാത്തലത്തില്‍ പല അഴിമതികളും നടത്തിയെന്ന കുറ്റത്തിനാണ് ആരോഗ്യമന്ത്രി ഗ്യുയെന്‍ താന്‍ ലോങ് അറസ്റ്റിലായിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം തന്നെ വിയറ്റ്നാം തലസ്ഥാനമായ ഹനോയുടെ മേയര്‍ ചൂ ങ്കോക് ആനും അതേ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സയന്‍സ് മിനിസ്റ്ററായ ഫാം കോങും ഒരു ദിവസം മുമ്പേ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് പുറമെ ആരോഗ്യവകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സൈനികരും അടക്കം നിരവധി പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പലരെയും ഉദ്യോഗസ്തര്‍ ചോദ്യം ചെയ്ത് വരികയാണെന്നും പബ്ലിക് സെക്യൂരിറ്റി മന്ത്രാലയം അറിയിക്കുന്നു.
സ്വകാര്യ കമ്പനിക്ക് ഒത്താശ ചെയ്ത് അഴിമതി നടത്തിയതോടെ സര്‍ക്കാര്‍ ഖജനാവിന് ഇവര്‍ കനത്ത നഷ്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ആശുപത്രികള്‍ക്കും ഹെല്‍ത്ത് കെയര്‍ സെന്‍ററുകളിലേക്കും വിതരണം ചെയ്തിരുന്ന ടെസ്റ്റ് കിറ്റുകള്‍ക്ക് കത്തുന്ന വില ഈടാക്കുന്നതിന് സ്വകാര്യ കമ്പനിയെ മന്ത്രാലയം വഴിവിട്ട് സഹായിച്ചുവെന്നതാണ് കേസ്. ടെസ്റ്റ് കിറ്റുകളുടെ കാര്യത്തില്‍ മാത്രമല്ല, മരുന്നുകളും ഹോസ്പിറ്റല്‍ ഉപകരണങ്ങളുമെല്ലാം ഇത്തരത്തില്‍ അന്യായമായ വിലയ്ക്ക് വിതരണം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ചൊവ്വാഴ്ച നാഷണല്‍ അസംബ്ലി ചേര്‍ന്ന് ആരോഗ്യമന്ത്രിസ്ഥാനത്ത് നിന്ന് ലോങിനെ മാറ്റിയിരുന്നു. ഹനോയ് മേയര്‍ സ്ഥാനത്ത് നിന്ന് ചൂ ങ്കോക്ക് ആനെയും മാറ്റിയിരുന്നു. ഇരുവരെയും വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇക്കാരണത്താല്‍ പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് നടന്നത്. രണ്ടുപേരും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും പാര്‍ട്ടി നിയമങ്ങള്‍ തെറ്റിച്ച്, സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കിവച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു.