നമ്മുടെ മിക്കവരുടെയും വീട്ടിലുള്ള രണ്ടു വസ്തുക്കളാണ് കറുവപ്പട്ടയും തേനും. പല ആരോഗ്യപ്രശ്നങ്ങളെയും ചെറുക്കാൻ ഇവ സഹായിക്കുന്നു. പല പുരാതനമായ ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളിലും ഒരുപാട് രോഗങ്ങൾ ശമിപ്പിക്കുവാനുള്ള തേനിന്റെയും കറുവാപ്പട്ടയുടെയും കഴിവിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
വയറുവേദന, ചുമ, ജലദോഷം, മൂത്രസഞ്ചിയിലെ അണുബാധ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഈ രണ്ട് ചേരുവകൾ സഹായകമാണ്. ഇവ ജ്യൂസ് രൂപത്തിലോ കട്ടൻ ചായയിൽ ചേർത്തോ കഴിക്കാവുന്നതാണ്.
ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ഏറ്റവും സഹായകരമായ ചേരുവകളിലൊന്നാണ് തേൻ. വിശപ്പ് കുറയ്ക്കാൻ തേൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
അതേസമയം, കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. കറുവാപ്പട്ട വെള്ളം മെറ്റബോളിസത്തെ നല്ല രീതിയിൽ സ്വാധീനിക്കുകയും കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കറുവപ്പട്ട വെള്ളം കൊഴുപ്പ് ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കുകയും അതുവഴി ഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. തേനും കറുവാപ്പട്ടയും ഒന്നിച്ചു ചേരുമ്പോൾ, വയറിലെ കൊഴുപ്പ് കുറയ്ക്കാനും നല്ല ആരോഗ്യം നേടാനും സഹായിക്കുന്നു.
തേനും കറുവപ്പട്ടയും ചേർത്ത വെള്ളം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്ക് ഒരു കറുവാപ്പട്ട പൊടിച്ചത് ചേർക്കുക. ഇത് നന്നായി ഇളക്കി തിളപ്പിക്കുക. ഗ്യാസ് ഓഫാക്കി തണുപ്പിക്കാൻ വയ്ക്കുക. ശേഷം അൽപം തേൻ ചേർക്കുക. താൽപര്യമുള്ളവർക്ക് അൽപം നാരങ്ങ നീരും ചേർക്കാം. ശേഷം ചെറുചൂടോടെ കുടിക്കുക. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ശീലമാക്കുക.