സവാള അഥവാ വലിയ ഉള്ളി ഇല്ലാത്ത വീടുണ്ടാവില്ല. ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല ശരീരഭാരവും കുടവയറും കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് സവാള. ഭക്ഷണത്തില്‍ ദിവസവും ഇതുൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
∙കാലറികുറവ്
സവാളയിൽ കാലറി വളരെ കുറവാണ്. മാത്രമല്ല ഫൈബർ ധാരാളം ഉണ്ടുതാനും. ഇത് ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ഇതുമൂലം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും പ്രധാനഭക്ഷണങ്ങൾക്കിടയ്ക്ക് ലഘുഭക്ഷണം കഴിക്കുന്ന ശീലം തടയുകയും ചെയ്യും. ഇത് ശരീരഭാരം കുറയാൻ സഹായിക്കും.
∙വിശപ്പ് കുറയ്ക്കുന്നു
സവാള അഥവാ വലിയ ഉള്ളിയിലടങ്ങിയ സംയുക്തങ്ങൾക്ക് വിശപ്പ് കുറയ്ക്കാനുള്ള കഴിവുണ്ട്. ഉള്ളിയിലടങ്ങിയ ക്യുവർസെറ്റിൻ എന്ന ആന്റി ഓക്സിഡന്റ് വിശപ്പ് കുറയ്ക്കും. കാലറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയാനും ഇതുവഴി സാധിക്കും.
∙ഉപാപചയ പ്രവർത്തനം വർധിപ്പിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്ന ക്രോമിയം എന്ന ധാതു ഉള്ളിയിൽ ധാരാളമായുണ്ട്. ഉപാപചയപ്രവർത്തനം നിയന്ത്രിക്കുക വഴി വിശപ്പ് തടഞ്ഞ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
∙ഡീടോക്സ്
ഉള്ളിയിലടങ്ങിയ സൾഫർ തന്മാത്രകൾ ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇത് ടോക്സിനുകളെ നീക്കം ചെയ്യാനും അമിതമായുള്ള കൊഴുപ്പിനെ നീക്കാനും സഹായിക്കുന്നു.
∙കുടവയർ കുറയ്ക്കുന്നു
വയറിലെ കൊഴുപ്പ് ആരോഗ്യത്തിന് അത്ര നന്നല്ല. ഉപാപചയ പ്രവർത്തനത്തെയും ബ്ലഡ് ഷുഗർ നിയന്ത്രണത്തെയുമെല്ലാം ഇത് ബാധിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഉള്ളി സഹായിക്കും. ക്യുവർസെറ്റിന്റെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും വയറിലെ കൊഴുപ്പ് മൂലമുണ്ടായ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും.
∙ദഹനം മെച്ചപ്പെടുത്തുന്നു
ഉള്ളിയിലടങ്ങിയ പ്രീബയോട്ടിക് ഫൈബറുകൾ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടും. ദഹനം എളുപ്പമാകുന്നതും ഭക്ഷണത്തിന്റെ ആഗിരണം സുഗമമാകുന്നതും ശരീരഭാരം കുറയ്ക്കുന്നതിനെ പരോക്ഷമായി സഹായിക്കും.
വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
∙സാലഡുകളിൽ ഉള്ളി ചേർക്കാം.
∙സൂപ്പുകളിലും സ്റ്റൂവിലും ഉള്ളി േചർക്കാം.
∙മറ്റ് പച്ചക്കറികളോടൊപ്പം ഉള്ളിയും ചേർക്കാം.
∙ഉള്ളിച്ചായ ഉണ്ടാക്കാം. തിളച്ചവെള്ളത്തിൽ ഉള്ളി അരിഞ്ഞതു ചേർക്കാം. ഇത് ആരോഗ്യകരമായ ഒരു പാനീയമാണ്.