ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. വിവിധ അണുബാധകളെ ചെറുക്കുന്നതിനും നമ്മുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമെല്ലാം ഇഞ്ചി ഏറെ സഹായകമാണ്. ജലദോഷം, ചുമ, പല തരത്തിലുള്ള ദഹനപ്രശ്നങ്ങള്‍ എന്നിവയെ എല്ലാം ചെറുക്കുന്നതിനും ഇവയില്‍ നിന്ന് പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്നതിനുമെല്ലാം ഇഞ്ചി സഹായിക്കുന്നു. ഇതിനായി മിക്കവരും ആശ്രയിക്കുന്നത് ഇഞ്ചി ചായയെ ആണ്. ഇഞ്ചിച്ചായയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. എന്നാല്‍ ചിലരെങ്കിലും ഇഞ്ചിയിട്ട ചായ കഴിക്കാനിഷ്ടപ്പെടാത്തവരുണ്ട്. അതേസമയം ജലദോഷം- ദഹനപ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഇഞ്ചി കഴിക്കണമെന്നുമുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇഞ്ചി ചായയ്ക്ക് പകരം കഴിക്കാവുന്നൊരു ആരോഗ്യകരമായ പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നൊരു ഇഞ്ചി ടോണിക് ആണിത്. എങ്ങനെയാണിത് തയ്യാറാക്കുന്നതെന്ന് മനസിലാക്കാം.
ആദ്യം ഒരു ബൗളില്‍ രണ്ട് കപ്പ് വെള്ളമെടുക്കണം. ഇനിയിത് നല്ലതുപോലെ ഒന്ന് തിളപ്പിക്കുക. ശേഷം ഒരിഞ്ച് വലിപ്പത്തില്‍ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി, ഗ്രേറ്റ് ചെയ്ത് വച്ച ഇഞ്ചി ഇതിലിടണം. ഇനി വീണ്ടും ഇഞ്ചി ചേര്‍ത്ത വെള്ളം തിളപ്പിക്കണം. മൂന്നാല് മിനുറ്റ് നേരത്തേക്ക് തിളപ്പിക്കുമ്പോഴേക്കും രണ്ട് കപ്പ് വെള്ളമെന്നത് വറ്റി ഒരു കപ്പ് എന്ന നിലയിലേക്ക് എത്തിയിട്ടുണ്ടാകും. ഇത് അടുപ്പിവ്‍ നിന്ന് വാങ്ങി അര മുറി ചെറുനാരങ്ങ ഇതിലേക്ക് പിഴിഞ്ഞൊഴിക്കണം. ആവശ്യമെങ്കില്‍ ഇതിലേക്ക് അല്‍പം തേനും കൂടി ചേര്‍ക്കാം. ഇത് ചൂടോടെ കഴിക്കേണ്ടതില്ല. ചൂടാറിയ ശേഷം കഴിക്കാവുന്നതാണ്.
ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥയിലും അസിഡിറ്റിയും ദഹനക്കുറവുമുള്ള അവസ്ഥയിലുമെല്ലാം ഭക്ഷണത്തിന് മുമ്പായി അല്‍പം ഇഞ്ചി ടോണിക് കഴിക്കാവുന്നതാണ്. എല്ലാവിധത്തിലുള്ള ദഹനപ്രശ്നങ്ങളെയും പരിഹരിക്കാൻ ഈ ടോണിക് സഹായകമാണ്. എന്നാല്‍ വയറിന് കാര്യമായ രോഗങ്ങളുള്ളവരാണെങ്കില്‍ അതിന്‍റെ ഭാഗമായുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ക്ക് ഡോക്ടറെ കാണുന്നത് തന്നെയാണ് ഉചിതം.