റിയാദ്: വേനൽ കടുത്തതോടെ സൗദിയിൽ ഉഷ്ണ തരംഗം പ്രകടമായി. വ്യാഴാഴ്ച സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ രേഖപ്പെടുത്തിയത് 50 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് ചൂടാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്താനി വ്യക്തമാക്കി. കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയിലും ഉഷ്ണ തരംഗം വരും ദിവസങ്ങളിലും തുടരാനാണിടയെന്നും വേനൽക്കാലത്തിന്‍റെ ആദ്യ പാദമേ ആയിട്ടുള്ളൂവെന്നും താപനില ഇനിയും കടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ തെക്കൻ മേഖലയിലെ അസീർ പ്രവിശ്യയിലും ജീസാനിലും ഇടിമിന്നലും ശക്തമായ കാറ്റുമാണ് ഉണ്ടാകാൻ സാധ്യത. അതേസമയം മക്ക മേഖലയിൽ പൊടി ഇളക്കിവിടുന്ന രീതിയിലുള്ള കാറ്റാണ് വീശാൻ സാധ്യത. കിഴക്കൻ പ്രവിശ്യയിലും റിയാദിലും ഇനിയുള്ള ദിവസങ്ങളിൽ കഠിനമായ ചൂട് അനുഭവപ്പെടുമെന്നതിനാൽ കടുത്ത ജാഗ്രത പാലിക്കണമെന്നും ഉഷ്ണതരംഗം ആഞ്ഞുവീശുമെന്നും അതനുസരിച്ച് അപ്പപ്പോൾ ആവശ്യമായ മുന്നറിയിപ്പുകളും ജാഗ്രതാനിർദേശങ്ങളും കേന്ദ്രം നൽകുമെന്നും ഖഹ്താനി വ്യക്തമാക്കി.