ന്യൂഡൽഹി: ന്യൂഡൽഹിയിൽ അടുത്ത മൂന്നു ദിവസം ചെറിയ തോതിൽ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ റിപ്പോർട്ട് ചെയ്‌തു. അടുത്ത ദിവസങ്ങളിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ ഉഷ്‌ണതരംഗം ശമിച്ചുതുടങ്ങുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഒരാഴ്ച ചൂട് ഉയരില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏപ്രിലിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഏറ്റവുമുയർന്ന ശരാശരി താപനില രേഖപ്പെടുത്തി. കഴിഞ്ഞ 27 കൊല്ലത്തിനിടയിൽ ഏറ്റവുമുയർന്ന ചൂട് ന്യൂഡൽഹിയിൽ രേഖപ്പെടുത്തി. അതേസമയം, ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഞായറാഴ്ച സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ചൂടു സംബന്ധമായ അസുഖങ്ങളിൽ വിശദമായ ദേശീയ ആക്ഷൻ പ്ലാൻ നടപ്പാക്കണമെന്നു നിർദേശിച്ചു.പകൽ സമയത്ത് ആളുകൾ തുറസായ സ്ഥലത്തു നിൽക്കുന്നതും ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്നു സർക്കാരുകൾ നിർദേശിച്ചു. മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പു നൽകി.