ന്യൂഡൽഹി: ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുന്ന രാജ്യതലസ്ഥാനത്തു റെക്കോര്‍ഡ് താപനില രേഖപ്പടുത്തി. 49 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഡൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കു പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഡൽഹിയുടെ വടക്കു പടിഞ്ഞാറൻ പ്രദേശമായ മുൻഗേഷ്പുരിൽ 49.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ നജഫ്ഗാഹിൽ 49.1 ഡിഗ്രി സെൽഷ്യസാണു താപനില. ഡൽഹിയുടെ അയൽപ്രദേശമായ ഗുരുഗ്രാമിൽ 48.1 ഡിഗ്രി സെൻഷ്യസ് എന്ന ഉയർന്ന താപനിലയും രേഖപ്പെടുത്തി.
സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഡൽഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രത്തിൽ ഞായറാഴ്ച രേഖപ്പടുത്തിയ പരമാവധി താപനില 45.6 ഡിഗ്രി സെൽഷ്യസാണ്. ഇതോടെ സാധാരണയേക്കാൾ അഞ്ചു പോയിന്റ് കൂടി, ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനിലയിലെത്തി. ശനിയാഴ്ച ഇവിടെ പരമാവധി 44.2 ഡിഗ്രി സെൽഷ്യസാണു രേഖപ്പടുത്തിയത്. ഡൽഹിയിൽ തിങ്കളാഴ്ച ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.