അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ് രൂപപ്പെട്ട സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞ് രൂപംകൊണ്ടിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ രാവിലെ ഒന്‍പത് മണി വരെയാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശമുള്ളത്. കനത്ത മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറയുന്ന സ്ഥലങ്ങളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ മൂടല്‍മഞ്ഞ് പ്രതീക്ഷിക്കപ്പെടുന്ന സ്ഥലങ്ങളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അബുദാബി എമിറേറ്റില്‍ റോഡുകളിലെ ദൂരക്കാഴ്ച കുറയുന്ന സാഹചര്യത്തില്‍ വേഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡുകളിലെ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളില്‍ അപ്പപ്പോള്‍ തെളിയുന്ന വേഗ പരിധിയായിരിക്കണം ഡ്രൈവര്‍മാര്‍ പാലിക്കേണ്ടത്. ഹമീം റോഡിലെ (ഹമീം ബ്രിഡ്‍ജ് മുതല്‍ അസബ് വരെ) പരമാവധി വേഗത 80 കിലോമീറ്ററായി കുറച്ചു. അബുദാബിയിലും ദുബൈയിലും പരമാവധി 38 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് പ്രതീക്ഷിക്കപ്പെടുന്ന അന്തരീക്ഷ താപനില. കുറഞ്ഞ താപനില അബുദാബിയില്‍ 25 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 26 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.