ചെന്നൈ: തമിഴ്നാട്ടിൽ ബി.ജെ.പിയുമായി സഖ്യമില്ലെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാ ഡി.എം.കെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇനി അണ്ണാ ഡി.എം.കെ.യും ബി.ജെ.പിയും സഖ്യകക്ഷികളെല്ലെന്ന് പാർട്ടി വക്താവും മുൻ മന്ത്രിയുമായ ഡി.ജയകുമാർ പറഞ്ഞു. ഇരുപാര്‍ട്ടി നേതാക്കളും തമ്മിലുള്ള കനത്ത വാക്‌പോരിനൊടുവിലാണ് പ്രഖ്യാപനം. മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയെക്കുറിച്ചുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പരാമർശത്തെ തുടർന്നാണ് കടുത്ത തീരുമാനത്തിലേക്ക് അണ്ണാ ഡി.എം.കെ എത്തിയത്.
‘ബി.ജെ.പിമായുള്ള സഖ്യത്തിൽ എ.ഐ.എ.ഡി.എം.കെ ഇല്ല. ഞങ്ങളുടെ നേതാക്കളെ വിമര്‍ശിക്കുക മാത്രമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ തൊഴില്‍. ദ്രാവിഡ പ്രസ്ഥാനത്തിന്റെ നേതാവ് അണ്ണാദുരൈ തമിഴ്നാട്ടില്‍നിന്ന് ദേശീയകക്ഷികളെ തുരത്തിയതാണ്. ബി.ജെ.പി. നേതാവ് അണ്ണാമലൈ അണ്ണാദുരൈയെ അവഹേളിക്കുകയാണ്. ഞങ്ങളുടെ നേതാക്കള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ വിമര്‍ശനം അംഗീകരിക്കാന്‍ കഴിയില്ല.
അണ്ണാമലൈ ഞങ്ങളുടെ നേതാവ് ജയലളിതയെ നേരത്തെ തന്നെ വിമര്‍ശിച്ചിരുന്നു. അന്ന് ഞങ്ങള്‍ അണ്ണാമലക്കെതിരെ പ്രമേയം പാസാക്കി. പക്ഷെ അണ്ണാദുരൈയേയും പെരിയാറിനെയും അദ്ദേഹം ഇപ്പോഴും വിമര്‍ശിക്കുന്നു. ഒരു പ്രവര്‍ത്തകനും ഇത് അംഗീകരിക്കില്ല. സഖ്യം ഉപേക്ഷിക്കുന്നത് ഒരു തരത്തിലും തങ്ങളെ ബാധിക്കില്ല- ഡി.ജയകുമാര്‍ വ്യക്തമാക്കി. സഖ്യകക്ഷിയാണ് എന്ന കാര്യം ബി.ജെ.പി. മറക്കരുതെന്നും അണ്ണാദുരൈയെക്കുറിച്ചു പറയാനുള്ള അർഹത പോലും അണ്ണാമലൈക്കില്ലെന്നും ഡി.ജയകുമാർ പറഞ്ഞു.
അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബി.ജെ.പി. മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എ.ഐ.എ.ഡി.എം.കെ.യുടെ സഹായം ആവശ്യമായിവരില്ലെന്നും കെ. അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അണ്ണാമലൈയുടെ പദയാത്ര പണപ്പിരിവിനുവേണ്ടിയുള്ളതാണെന്നും എ.ഐ.എ.ഡി.എം.കെയുടെ പിന്തുണയില്ലാതെ ബി.ജെ.പി.ക്ക് തമിഴ്നാട്ടില്‍ ജയിക്കാനാവില്ലെന്നും എ.ഐ.എ.ഡി.എം.കെ. നേതാവ് സി.വി. ഷണ്‍മുഖം പറഞ്ഞിരുന്നു. പാർട്ടിയെ തൊട്ടുകളിക്കരുതെന്നും അണ്ണാമലൈക്കുള്ള അന്ത്യശാസനമാണിതെന്നും ഷൺമുഖം തുറന്നടിച്ചു. ഈ പരാമര്‍ശത്തിന് മറുപടിയായാണ് അണ്ണാമലൈ സഖ്യകക്ഷിയെ രൂക്ഷമായി വിമര്‍ശിച്ചത്.
മന്ത്രിമാരാകുന്നത് പിരിവിനു വേണ്ടിയാണെന്നു കരുതുന്നവരാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് അണ്ണാമലൈ തുറന്നടിച്ചു. ബി.ജെ.പിയുടെ വളർച്ചയിൽ പലർക്കും അസൂയയുണ്ട്. താൻ ആരുടെയും അടിമയല്ല. തന്റേത് വേറിട്ട പാർട്ടിയും പ്രത്യയശാസ്ത്രവുമാണെന്നും സഖ്യത്തിലായതിനാൽ അടിമയാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അണ്ണാമലൈക്കെതിരെ കടുത്ത വിമർശനവുമായി അണ്ണാ ഡി.എം.കെ നേതാക്കാളായ ഡി.ജയകുമാർ, സെല്ലൂർ രാജു എന്നിവരും രംഗത്തെത്തിയിരുന്നു. എ.ഐ.എ.ഡി.എം.കെയെ കൂട്ടുപ്പിടിച്ച് തമിഴ്നാട്ടിലും അതുവഴി ദക്ഷിണേന്ത്യയിലും വേരുറപ്പിക്കാമെന്ന ബി.ജി.പിയുടെ കണക്കുകൂട്ടലുകൾക്കേറ്റ കനത്ത പ്രഹമാണ് തീരുമാനം. തമിഴ്നാട്ടിലെ എൻ.ഡി.എ സഖ്യത്തിനേറ്റ വലിയ തിരിച്ചടികൂടിയാണ് അണ്ണാ ഡി.എം.കെയുടെ പ്രഖ്യാപനം.