മാനന്തവാടി : കനത്ത മഴയിൽ ഇത്തവണയും മാനന്തവാടി വാളാട് കൂടംകുന്നിലെ 200 വീട്ടുകാർ ഒറ്റപ്പെട്ടു. കബനി പുഴ നിറയുമ്പോള്‍ റോഡിലും വെള്ളം കയറുന്നതോടെയാണ് ഇവരുടെ ഗതികേട് തുടങ്ങുന്നത്. മന്ത്രി ഒ.ആർ കേളുവിന്‍റെ മണ്ഡലമായ മാനന്തവാടിയിലെ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴ കനത്ത് പെയ്ത് കഴിഞ്ഞ ദിവസങ്ങളില്‍ വാളോട് പുഴ കവിഞ്ഞ് ഒഴുകിയതോടെ റോഡില്‍ ഒരാള്‍പ്പൊക്കം വെള്ളമുണ്ടായിരുന്നു. പതിവ് പോലെ കുട്ടതോണിയും ചെറിയ ബോട്ടും മറ്റും ഇറക്കി സാഹസികമായി ആളുകളെ രക്ഷപെടുത്തി. രോഗിയായ സ്ത്രീയെ കുട്ടതോണിയില്‍ റോഡിലെത്തിച്ചു. മന്ത്രി ഒ ആർ കേളു എംഎല്‍എ ആയ മാനന്തവാടിയിലെ തവിഞ്ഞാല്‍ പഞ്ചായത്തിലാണ് ഈ സ്ഥിതി ഉള്ളത്. പുഴ കരകവിഞ്ഞ് ജനവാസ മേഖലയിലേക്ക് ഒഴുകുന്നത് തടയാൻ എന്തെങ്കിലും മാർഗങ്ങള്‍ വേണമെന്നും റോഡിന് ഉയരം കൂട്ടാൻ നടപടി വേണമെന്നും ജനപ്രതിനിധികള്‍ അടക്കമുള്ളവർ മന്ത്രിയോട് അഭ്യർത്ഥിക്കുന്നു. പ്രശ്നങ്ങളെല്ലാം മന്ത്രിക്ക് അറിയാം. എന്നാൽ അദ്ദേഹം വിഷയത്തിൽ വേണ്ട ഇടപെടൽ നടത്തുന്നില്ലെന്ന് തവിഞ്ഞാൽ പഞ്ചായത്ത് മെമ്പർ ഖമറുന്നീസ പറഞ്ഞു. മഴയൊന്ന് ശമിച്ചപ്പോള്‍ വാളോട് വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ആളുകള്‍ വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്നു.