മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും. അൽ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നി ഗവര്ണറേറ്റുകളിലാണ് ഇന്നലെ കൂടുതൽ മഴ പെയ്തതും വെള്ളപ്പാച്ചിലുകൾ രൂപപ്പെട്ടതും. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി.
ഇന്ന് വൈകീട്ട് വരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റം ഇന്ന് വൈകിട്ട് വരെ നിലനിൽക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനിലെ പ്രധാന ഗവർണറേറ്റുകളിൽ ഉണ്ടായ മഴയിലും വെള്ളപ്പാലിലും പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ ഉച്ചക്ക് ശേഷം ശക്തമായ മഴ പെയ്തതോടെ പ്രദേശത്തെ താഴ്വരകളിലേക്ക് വെള്ളപ്പാച്ചിലുകൾ രൂപപ്പെട്ടതായി ഒമാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സുമേയിൽ വിലായത്തിലെ വാദി അൽ-ഉയയ്‌ന വെള്ളപാച്ചിലിൽ കരകവിഞ്ഞു . താഴ്‌വരകളിൽ രൂപപ്പെടുന്ന വെള്ളകെട്ടുകളിൽ നീന്തുവാൻ ശ്രമിക്കരുതെന്നും
താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മാറണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മുന്നറിയിപ്പ് നൽകി.
അൽ ശർഖിയ, അൽ വുസ്ത, ദോഫാർ , എന്നി മേഖലകളിലെ തീരത്തോട് ചേർന്ന്
ഇന്ന് അതിരാവിലെയും വൈകിയും മേഘങ്ങളും മൂടൽമഞ്ഞും രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനാൽ വാഹനമോടിക്കുന്നവർക്കുൾപ്പടെ മൂടൽ അനഭവപ്പെടാൻ സാധ്യതയുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മത്സ്യ തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കുവാനും നിർദേശിച്ചു. യാത്രക്കാർ വാഹനങ്ങൾ ഉപയോഗിച്ച് വെള്ളപ്പാച്ചിലുകൾ മുറിച്ചു കടക്കുന്നത് റോയൽ ഒമാൻ പോലീസിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ അനുസരിച്ചു ആയിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.