അബുദാബി: യുഎഇയില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും. പുലര്‍ച്ചെയാണ് ആലിപ്പഴ വര്‍ഷമുണ്ടായത്. മഴയ്ക്കൊപ്പം ഇടിയും മിന്നലുമുണ്ടായിരുന്നു. അല്‍ ഐന്‍, അല്‍ വത്ബ മേഖല, അബുദാബിയിലെ ബനി യാസ് എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തതെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. സ്കൂളുകളില്‍ വിദൂര പഠനമാണ് നടക്കുന്നത്. സ്വകാര്യ കമ്പനികളടക്കം വര്‍ക്ക് ഫ്രം ഹോം സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു. രാജ്യത്താകെ താപനിലയില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. ബീച്ചുകളും താഴ്വാരങ്ങളും തടാകങ്ങളും വെള്ളക്കെട്ടുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു. വാഹനമോടിക്കുന്നവര്‍ വേഗപരിധി പാലിക്കണമെന്ന് അബുദാബി പൊലീസിന്‍റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോളിങ് ആവശ്യപ്പെട്ടു.