തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, കാസർകോട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് (ജൂലായ് 04) ലഭിച്ച റഡാർ ഇമേജിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പ്രകാരമുള്ള പി.എസ്.സി., യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല. എറണാകുളം, കാസർകോട് ജില്ലകളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കളക്ടർ വ്യക്തമാക്കി. അതേസമയം കാസർകോട് ജില്ലയിലെ കോളേജുകൾക്ക് അവധിയുണ്ടായിരിക്കില്ല. ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കായിരിക്കും അവധി ബാധകമെന്ന് കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ വ്യക്തമാക്കിയിട്ടുണ്ട്.