കൊച്ചി: എറണാകുളത്ത് മൂവാറ്റുപുഴയാറിലും പെരിയാറിലും വെള്ളം ഉയരുകയാണ്. മൂവാറ്റുപുഴയിലും കാലടിയിലും ജലനിരപ്പ് അപകടരേഖയ്ക്കും മുകളിലെന്ന് കലക്ടര്‍ അറിയിച്ചു. ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി. ആലുവ മൂന്നാര്‍ റോഡില്‍ വെള്ളം കയറി. കോതമംഗംലം തങ്കളം ബൈപാസും മണികണ്ഠന്‍ചാലും വെള്ളത്തിലായി. ഏലൂര്‍ പ്രദേശത്ത് വീടുകളില്‍ വെള്ളംകയറി. പതിനാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നലെ കാണാതായ ഉരുളന്‍ തണ്ണി സ്വദേശി പൗലോസിനുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.
പത്തനംതിട്ടയില്‍ 20 അംഗ എന്‍ഡിആര്‍എഫ് സംഘത്തെ നിയോഗിച്ചു. ജില്ലയില്‍ പത്ത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 103 പേരെ മാറ്റിപ്പാര്‍പ്പിച്ചു. പമ്പ, അച്ചന്‍കോവില്‍, മണിമല നദികള്‍ കരതൊട്ടൊഴുകുകയാണ്. പമ്പയിലെ ആറാട്ട് കടവിലടക്കം ജലനിരപ്പ് കൂടുതലാണ്. വ്യാഴാഴ്ചത്തെ ശബരിമല നിറപുത്തരി ചടങ്ങില്‍ ഭക്തരെ അനുവദിക്കണോ എന്ന് രാവിലെ തീരുമാനിക്കും. അത്തിക്കയത്ത് പമ്പയില്‍ കാണാതായ രാജുവിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഗവിയുള്‍പ്പെടെയുള്ള വനമേഖലയില്‍ കനത്തമഴ തുടരുകയാണ്.
തിരുവല്ല താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 125 പേരെ ക്യാംപുകളിലേക്ക് മാറ്റി. മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകളിലായി അഞ്ച് ക്യാംപുകളും തുറന്നു. തിരുവല്ല തിരുമൂലപുരത്തെ മംഗലശേരി, പുളിക്കത്ര, ആറ്റുമാലി കോളനികളിൽ വെള്ളം കയറി. നാല്‍പ്പത്തിയഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്. ചെങ്ങന്നൂര്‍ കീഴ്ചേരിയില്‍ എട്ടു കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.