തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, പാലക്കാട്, ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് അവധി.
നദികളില്‍ ജലനിരപ്പ് അപായകരമാംവിധം ഉയരുകയാണ്. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കേരള തീരത്ത് 3.5 മുതല്‍ 3.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂരിലുണ്ടായ മിന്നല്‍ ചുഴലിയില്‍ ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വന്‍ നാശനഷ്ടം. തിരുവല്ലയില്‍ വെള്ളം കയറിയ വീട്ടില്‍ കുടുങ്ങിയവരെ എന്‍ഡിആര്‍എഫ് സംഘം രക്ഷപ്പെടുത്തി. മഴ കനത്ത് ജലനിരപ്പ് ഉയര്‍ന്നതോടെ കേരളത്തില്‍ വിവിധ ഡാമുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.